കൊറോണ വൈറസ് ഭയത്തെ തുടര്‍ന്ന് ഇന്ത്യ അടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ള സൗദികളല്ലാത്തവര്‍ക്ക് പ്രവേശനം സൗദി അറേബ്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

റിയാദ്: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യ ഉള്‍പ്പെടേയുള്ള 20 പ്രത്യേക രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞര്‍, ആരോഗ്യ പരിശീലകര്‍, അവരുടെ കുടുംബങ്ങള്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് സൗദി അറേബ്യ താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതു.

എന്നാല്‍ ഈ രാജ്യങ്ങളില്‍നിന്നുള്ള സൗദി പൗരന്‍മാര്‍ക്ക് സൗദിയിലേക്ക് പ്രവേശനം നല്‍കും.

അര്‍ജന്റീന, യു.എ.ഇ, ജര്‍മ്മനി, അമേരിക്ക, ഇന്തോനേഷ്യ, അയര്‍ലന്‍ഡ്, ഇറ്റലി, പാകിസ്ഥാന്‍, ബ്രസീല്‍, പോര്‍ച്ചുഗല്‍, യു.കെ, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, ലെബനന്‍, ഈജിപ്ത്, ഇന്ത്യ, ജപ്പാന്‍ എന്നിവയാണ് പ്രവേശന വിലക്കുള്ള രാജ്യങ്ങള്‍.

ഫെബ്രുവരി 3 ബുധന്‍ സൗദി സമയം രാത്രി 9 ന് വിലക്ക് പ്രാബല്യത്തില്‍ വരും. കൊറോണ വൈറസ് പടരാതിരിക്കാനുള്ള രാജ്യത്തിന്റെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് പ്രവേശന വിലക്ക്.