എട്ട് ബസുകളും 17 സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടതായി പോലീസ്

♠ ഹരിത  ഉമാമഹേശ്വരൻ 

ന്യൂഡെല്‍ഹി: സെപ്റ്റംബറില്‍ പാസാക്കിയ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കര്‍ഷകര്‍ നടത്തിയ റിപ്പബ്ലിക് ദിന ട്രാക്ടര്‍ റാലിയില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് ദില്ലി പോലീസ് 15 കേസുകള്‍ ഫയല്‍ ചെയ്തു. ആക്രമണത്തില്‍ എട്ട് ബസുകളും 17 സ്വകാര്യ വാഹനങ്ങളും നശിപ്പിച്ചതായി പോലീസ് പറഞ്ഞു.

മുക്കര്‍ബ ചൗക്ക്, ഗാസിപ്പൂര്‍, ഐടിഒ, സീമാപുരി, നംഗ്‌ളോയ് ടി-പോയിന്റ്, തിക്രി ബോര്‍ഡര്‍, ചെങ്കോട്ട എന്നിവിടങ്ങളിലായി നടന്ന അക്രമത്തില്‍ 86 പോലീസുകാര്‍ക്ക് പരിക്കേറ്റതായും ദില്ലി പോലീസ് അറിയിച്ചു. ഖാസിപൂര്‍, തിക്രി, സിങ്കു അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ തകര്‍ത്തു.
ദില്ലി പോലീസുമായി നിരവധി തവണ കൂടിക്കാഴ്ചകള്‍ നടത്തിയിതിനെ തുടര്‍ന്ന് നിര്‍ദ്ദിഷ്ട റൂട്ടില്‍ സമാധാനപരമായ റാലി നടത്താനാണ് കര്‍ഷകര്‍ക്ക് അനുമതി നല്‍കിയിരുന്നതെന്നും പോലിസ് പറഞ്ഞു.
രാവിലെ എട്ടുമണിയോടെ കര്‍ഷകര്‍ റാലി ആരംഭിച്ചതിന് ശേഷമാണ് അക്രമം ആരംഭിച്ചത്. നേരത്തെ ധാരണ ഉണ്ടാക്കിയ റൂട്ടുകളില്‍ നിന്ന് വ്യതിചലിക്കുകയുമായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്.
രാവിലെ 8.30 ഓടെ 6,000 മുതല്‍ 7,000 വരെ ട്രാക്ടറുകള്‍ സിങ്കു അതിര്‍ത്തിയില്‍ ഒത്തുകൂടിയിരുന്നു. റാലി നടത്താന്‍ സമ്മതിച്ച റൂട്ടിന് പകരം സെന്‍ട്രല്‍ ദില്ലിയിലേക്ക് പോകാന്‍ അവര്‍ നിര്‍ബന്ധിച്ചുവെന്ന് പോലീസ് പറഞ്ഞു.
പോലീസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന ഐടിഒയിലും ഗാസിപൂര്‍, സിങ്കു അതിര്‍ത്തികളില്‍ നിന്ന് വന്ന ഒരു വലിയസംഘം കര്‍ഷകര്‍ ന്യൂഡല്‍ഹിയിലേക്ക് പോകാന്‍ ശ്രമിച്ചുവെന്നും പ്രസ്താവനയില്‍ പറയുന്നു. ഇവരെ പോലീസ് തടഞ്ഞപ്പോജ്ണ് ഇവിടെ അക്രമം പൊട്ടിപ്പുറപ്പെട്ടത്.