ഡല്‍ഹിയില്‍ അധിക അര്‍ദ്ധസൈനികരെ നിയോഗിക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അധിക അര്‍ദ്ധസൈനികരെ നിയോഗിക്കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ തീരുമാനം. കര്‍ഷക പ്രക്ഷോഭത്തിന് വീര്യം കൂടിയ സാഹചര്യത്തിലാണ് തീരുമാനം.
ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ന്ന ഉന്നതതല യോഗത്തില്‍ 15 കമ്പനി അര്‍ദ്ധസൈനികരെ കൂടി നിയോഗിക്കാന്‍ തീരുമാനിച്ചു. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇന്റലിജന്‍സ് ബ്യൂറോ മേധാവി, ഡല്‍ഹി പോലീസ് കമ്മീഷണര്‍ തുടങ്ങിയവര്‍ ആഭ്യന്തര മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍ റാലി സംഘര്‍ഷത്തിലായിരുന്നു. കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ട്രാക്ടര്‍ റാലി നടത്തിയത്. ട്രാക്ടര്‍ പരേഡിനിടെ കര്‍ഷകരും പോലീസും തമ്മില്‍ ഐടിഒ, ഗാസിപുര്‍, നംഗ്‌ളോയി എന്നിവിടങ്ങളല്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു.
ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സിംഘു അടക്കമുള്ള ഡല്‍ഹിയുടെ അഞ്ച് അതിര്‍ത്തികളിലും മറ്റു പരിസര പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് സേവനം വിഛേദിച്ചിരുന്നു.






