പെട്രോള്‍ വില വര്‍ധന അന്യായം; വര്‍ധിപ്പിച്ച വിലയുടെ അധികനികുതിയെങ്കിലും ഉപേക്ഷിക്കാന്‍ ഇടതുസര്‍ക്കാര്‍ തയ്യാറാകണമെന്ന് ഉമ്മന്‍ ചാണ്ടി

♠ ഹരിത ഉമാമഹേശ്വരന്‍

തിരുവനന്തപുരം: കോവിഡ് മഹാമാരി സമയത്ത് ദുരിതത്തിലായ ജനങ്ങളെ ദ്രോഹിക്കുന്നതാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധനവ്. ഇത് തികച്ചും അന്യായമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വര്‍ധിപ്പിച്ച വിലയുടെ അധികനികുതിയെങ്കിലും ഉപേക്ഷിക്കാന്‍ ഇടതുസര്‍ക്കാര്‍ തയാറാകണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഈ മാസം അഞ്ചു തവണ വില കൂട്ടി. പെട്രോളിന് 86.61 രൂപയും ഡീസലിന് 80.74 രൂപയുമായത് വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. ഇത് ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയാണ് വിലക്കുതിപ്പിന്റെ പ്രധാന ഘടകം. ഒരു ലിറ്റര്‍ പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമാണ് എക്‌സൈസ് നികുതി. സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവും നികുതി ചുമത്തിയിട്ടുണ്ട്.

അതോടൊപ്പം ഒരു രൂപ അധിക നികുതിയും ഒരു ശതമാനം സെസും ഈടാക്കുന്നുണ്ട്. എന്നാല്‍ പെട്രോളിന്റെ അടിസ്ഥാന വില ലിറ്ററിന് വെറും 29.33 രുപയും ഡീസലിന് 30.4 രൂപയാണ്. ഇതിന്റെ മൂന്നിരട്ടിയോളം വിലയിട്ടാണ് ജനങ്ങളെ പിഴിയുന്നത്. പൊതുവെ ദുരിതത്തിലായ ജനങ്ങളെ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച് ദ്രോഹത്തിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.