യു സി എൽ ഫുട്‍ബോൾ മേള: അമിഗോസ് എഫ് സി ജേതാക്കൾ

ദമാം: കോവിഡ് മഹാമാരി മൂലം നിശ്ചലമായ കാൽപന്ത് മൈതാനങ്ങൾക്ക് പുത്തനുണർവ് സമ്മാനിച്ച് പ്രമുഖ പ്രവാസി ഫുട്‍ബോൾ കൂട്ടായ്‌മയായ അൽ കോബാർ യുണൈറ്റഡ് എഫ് സി സംഘടിപ്പിച്ച ഫുട്‍ബോൾ മേളയുടെ ആവേശകരമായ കലാശപ്പോരാട്ടത്തിൽ അവഞ്ചേഴ്‌സ് എഫ്.സിയെ പരാജയപ്പെടുത്തി അമിഗോസ് എഫ് സി കിരീട ജേതാക്കളായി. പ്രമുഖ താരനിരയടങ്ങിയ ഇരു ടീമുകളും മികച്ച മത്സരമാണ് മൈതാനത്ത് കാഴ്ച്ചവെച്ചത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ആദ്യ പകുതിയിൽ തമീം മമ്പാട്   അവഞ്ചേഴ്‌സ് എഫ്.സിക്ക് വേണ്ടി ഗോൾ നേടിയപ്പോൾ ഷഫീക്ക്  അമിഗോസ് എഫ് സി മിനിറ്റുകൾക്കുള്ളിൽ മറുപടി ഗോൾ നേടി സമനില പാലിച്ചു. രണ്ടാം പകുതിയിൽ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ കാഴ്ച്ചവെച്ചെങ്കിലും  ഗോളുകളൊന്നും നേടാനായില്ല. ശേഷം നടന്ന ടൈബ്രെക്കറിൽ  അമിഗോസ് എഫ് സിക്ക് വിജയം നേടാനായി.

ഫൈനലിലെ മാൻ ഓഫ് ദ മാച്ചായി ജംഷീർ കാർത്തികയെ തിരഞ്ഞെടുത്തു. അവധിക്കായി നാട്ടിൽ പോയി ക്വാറന്റൈനിൽ കഴിയവേ രണ്ടാ ദിനം ഹ്യദയാഘാതം മൂലം മരണപ്പെട്ട ദമാമിലെ പ്രമുഖ കളിക്കാരനായ  ദിലീഷിന് ആദരാഞ്ജലികൾ അർപ്പിച്ചാണ് ഫൈനൽ മത്സരം ആരംഭിച്ചത്. അഞ്ച് ആഴ്ചകളിലായി സംഘടിപ്പിച്ച ടൂർണമെന്റിന് ദഹ്റാനിലെ ദോഹ മുനിസിപ്പൽ സ്റ്റേഡിയമാണ് വേദിയായത്. കോവിഡ് നിയമാവലികൾ പാലിച്ച് സംഘടിപ്പിച്ച മത്സരം ക്ലബിന്റെ എഫ് ബി പേജിലൂടെ  ലൈവായി സംപ്രേക്ഷണം ചെയ്തു.

ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഫൈസൽ കാളികാവിനേയും മറ്റു മികച്ച താരങ്ങളായി സുഹൈൽ (ഗോൾ കീപ്പർ), ഷഫീക് (ടോപ് സ്‌കോറർ), റിംഷാദ് (ഡിഫന്റർ) മഷൂദ് (ഫോർവേർഡ്) എന്നിവരേയും തിരഞ്ഞെടുത്തു. പോർസ എഫ് സി ഫയർപ്ലെ ട്രോഫിക്ക് അർഹരായി. ഷാഹിൻ പട്ടാമ്പി (എവേ ട്രിപ്പ്) വിജയികളായ അമിഗോസ് എഫ് സിക്ക് ട്രോഫി സമ്മാനിച്ചു.

ഡിഫ വൈസ് പ്രസിഡന്റ് മൻസൂർ മങ്കട, ആക്ടിംഗ് ജനറൽ സെക്രട്ടറി ഷനൂബ് കൊണ്ടോട്ടി, അഷ്‌റഫ് നാണി, ഷാജി പി എ, സത്താർ ഇ എഫ് സ്, ആശി നെല്ലിക്കുന്ന്, റിയാസ് പട്ടാമ്പി,  നിബ്രാസ് ശിഹാബ്, ഷബീർ ആക്കോട്, നൗഷാദ് അലനല്ലൂർ, ഷൈജൽ വാണിയമ്പലം, അബ്ദുല്ല വെള്ളിമാടുകുന്ന്, സി അബ്ദുൽ റസാഖ്, റഷീദ് മാനമാറി എന്നിവർ സമാപന പരിപാടിയിൽ പങ്കെടുത്തു.

വാര്‍ത്ത: മുജിബ് കളത്തില്‍