വീട്ടമ്മമാരെ വഞ്ചിച്ച് ലക്ഷങ്ങള്‍ തട്ടിയ ഭര്‍തൃമതിക്കെതിരെ പോലീസ് കേസെടുത്തില്ല. ഇരകള്‍ നിയമ നടപടിക്ക്

തലശ്ശേരി: സൗഹൃദം ഉപയോഗിച്ച് പരിചയക്കാരായ വീട്ടമ്മമാരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടി വഞ്ചിച്ചതായുള്ള പരാതികള്‍ കിട്ടിയിട്ടും തലശ്ശേരി പോലീസ് കേസെടുക്കുന്നില്ലെന്ന് ആക്ഷേപം. ഇതേ തുടര്‍ന്ന് ഇരകള്‍ കോടതിയെ സമീപിക്കാന്‍ ഒരുക്കം തുടങ്ങി. കണ്ണിച്ചിറ സ്വദേശിനിയാണ് കുറ്റാരോപിത. ഇല്ലത്ത് താഴയിലെ രന്യ, കതിരൂരിലെ 68 കാരി ശ്രീധരി, തിരുവങ്ങാട്ടെ വസുമതി, തുടങ്ങി സൗഹൃദതട്ടിപ്പിനിരയായവരുടെ നീണ്ട നിര പരാതിക്കാരായുണ്ട്.

ജോലിയില്‍ നിന്നും ലഭിച്ചവരുമാനവും കുടു:ബശ്രിയില്‍ നിന്നും ബാങ്കില്‍ നിന്നും വായ്പ വാങ്ങിയുമാണ് ഇവരില്‍ മിക്കവരും തട്ടിപ്പ്കാരിക്ക് പണം നല്‍കിയത്. അടുത്ത് പരിചയമുള്ളവരാണ് കൂടുതലും വെട്ടില്‍ വീണത്. മകനെ ഉപരിപഠനത്തിന് അയക്കാന്‍ എന്ന പേരില്‍ മുട്ടുവായ്പ ചോദിച്ചാണ് ചിലരെ വീഴ്ത്തിയത്. വിദേശത്തുള്ള ഭര്‍ത്താവ് വരുന്നതിന് മുന്‍പെ പണയപണ്ടം എടുക്കാനെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് മറ്റ് ചിലരെ കെണിയില്‍ വീഴ്ത്തിയത്. പെട്ടെന്ന് തന്നെ തിരിച്ചുതരും എന്ന് പറഞ്ഞ് വാങ്ങിയ രണ്ടും മൂന്നും ലക്ഷങ്ങള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലഭിക്കാത്തതോടെ ഇരകള്‍ തട്ടിപ്പ്കാരിയെ സമീപിച്ചപ്പോള്‍ കൈമലര്‍ത്തുകയായിരുന്നുവത്രെ. ഇതില്‍ പിന്നീടാണ് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പരാതിയില്‍ കേസെടുക്കാത്ത പോലിസ് തട്ടിപ്പുകാരിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്.