നിയമസഭയിലേക്ക് ഒറ്റയ്ക്ക് പൊരുതുമെന്നു വെല്‍ഫയര്‍ പാര്‍ട്ടി

കോഴിക്കോട്: വരുന്ന  നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി ഒരു നീക്കുപോക്കിനുമില്ലെന്ന് വെല്‍ഫയര്‍ പാര്‍ട്ടി അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം. ഒരു ഓണ്‍ ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് പൊരുതും.  തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രാദേശിക തലത്തില്‍ ചില ഇടങ്ങളിൽ ധാരണകളുണ്ടായിരുന്നു. എന്നാല്‍ മുന്നണിയുമായി ഔദ്യോഗിക ബന്ധമുണ്ടായിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ നാല്പത് സീറ്റുകളില്‍ മത്സരിച്ചു. ഇത്തവണ എത്ര സീറ്റില്‍ മത്സരിക്കുമെന്നു തീരുമാനിച്ചിട്ടില്ല. ഏതായാലും ഒറ്റയ്ക്കു മത്സരിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കും. അതേസമയം, മതനിരപേക്ഷ സംഘടനകളുടെ പിന്തുണ കിട്ടിയാല്‍ സ്വീകരിക്കുമെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.