മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി. പാരാലിരവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. രണ്ടു ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കാനും കോടതി നിര്‍ദേശിച്ചു. ഇബ്രാഹിം കുഞ്ഞിന്‍റെ പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്നും എറണാകുളം ജില്ല വിട്ടു പോകരുതെന്നും ജാമ്യത്തിന്‍റെ ഉപാധികളായി കോടതി വിധിച്ചു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യ കാലാവധിയില്‍ തെരഞ്ഞെടുപ്പുകള്‍ അടക്കമുള്ള നടപടികളിലും പങ്കെടുക്കാനാവില്ല. മുസ്ലിം എജൂക്കേഷന്‍ സൊസൈറ്റി ഭാരവാഹിയായി മത്സരിക്കുന്നതിന് അദ്ദേഹം കോടതിയുടെ അനുമതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് ആരോഗ്യം പ്രശ്നമല്ലെങ്കില്‍ ജയിലില്‍ പോകുന്നതടക്കമുള്ള കാര്യങ്ങളിലും ആരോഗ്യം പ്രശ്നമാവില്ലല്ലോ എന്നായിരുന്നു കോടതിയുടെ പരാമര്‍ശം. എന്നാല്‍ ഇന്നലെ തനിക്ക് കാര്‍ഡിയാക് പ്രശ്നങ്ങള്‍ കൂടി ഉണ്ടായ സാഹചര്യത്തില്‍ പൊതുരംഗത്തു നിന്നു മാറിനില്‍ക്കേണ്ടിവരുമെന്ന ഡോക്റ്റര്‍മാരുടെ ഉപദേശം ഇബ്രാഹിം കുഞ്ഞ് കോടതിയെ അറിയിച്ചു. ഇതോടെയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിക്കാന്‍ കോടതി തീരുമാനിച്ചത്.






