ലാലു പ്രസാദിന്റെ ഗതി പിണറായി വിജയനും അടുത്തു തന്നെ വന്നു ചേരും: മുല്ലപ്പള്ളി

തലശ്ശേരി : ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെ പോലെ കേരള മുഖ്യമന്ത്രി പിണറായി വിജയനും ഇരുമ്പഴിയെണ്ണാന്‍ പോകുകയാണ്. പിണറായിക്ക് അധിക കാലം മുഖ്യമന്ത്രി കസേരയിലിരിക്കാന്‍ യോഗ്യതയില്ല. അദ്ദേഹത്തെ ഏതു സമയവും ചോദ്യം ചെയ്യാനും കസ്റ്റഡിയിലെടുക്കാനും അന്വേഷണ ഏജന്‍സികള്‍ തയ്യാറായി നില്‍ക്കുകയാണ്. എല്ലാ അഴിമതികളുടെയും പ്രഭവകേന്ദ്രം പിണറായി വിജയനാണെന്നും കെ. പി. സി. സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. തലശ്ശേരിയിലെ കോണ്‍ഗ്രസ് ഓഫീസായ എല്‍. എ സ് പ്രഭുമന്ദിരത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സ്വപ്ന സുരേഷിന്റെ ജീവന് ഭീഷണിയുണ്ടെന്ന പരാതി അതീവ ഗൗരവമുള്ളതാണ്. മുഖ്യമന്ത്രി മൗനം വെടിഞ്ഞ് ഇതിന് ഉത്തരം പറയണം. സ്വപ്നക്ക് ഒരു പോറലേറ്റാല്‍ അതിന് ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കുമെന്ന് മുല്ലപ്പള്ളി മുന്നറിയിപ്പു നല്‍കി. ഒരീച്ചക്ക് പോലും കടന്നു ചെല്ലാൻ പറ്റാത്ത അട്ടക്കുളങ്ങര ജെയിലില്‍ എത്തി സ്വപ്നയെ ആരാണ് ഭീഷണിപ്പെടുത്തിയതെന്ന് പറയാനുള്ള ബാധ്യത ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്കുണ്ട്. സ്വപ്നയുടെ പഴയ ശബ്ദ സന്ദേശത്തിനു പിന്നില്‍ വലിയ ഗൂഡാലോചനയുണ്ട്. ഇതിന്റെ അന്വേഷണം എവിടെ എത്തിയെന്ന കാര്യം ആര്‍ക്കുമറിയില്ല. ഈ സന്ദേശം ആരെ രക്ഷിക്കാനാണെന്ന് പറയണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് പല രഹസ്യങ്ങളുമറിയാം. മുഖ്യമന്ത്രിയുടെ അറിവോടെയാണ് രവീന്ദ്രന്‍ മാറി നില്‍ക്കുന്നത്. രവീന്ദ്രന്റെ ജീവനും ഭീഷണിയുണ്ട്. ശിവ ശങ്കരനറിയാത്ത പല കാര്യങ്ങളും രവീന്ദ്രനറിയാം. കേരളത്തില്‍ ഏറ്റവും വെറുക്കപ്പെട്ട നേതാവാണ് പിണറായി വിജയന്‍. അതുപോലെ ഏറ്റവും വെറുക്കപ്പെട്ട ചിഹ്നമാണ് അരിവാള്‍ ചുറ്റിക നക്ഷത്രം. മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് ഏറിയിരിക്കുകയാണ്. സി. എം രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്യുന്നതോടെ എല്ലാ കാര്യങ്ങള്‍ക്കും തീരുമാനമാകും . ഉന്നതന്റെ പേര് കഴിഞ്ഞ ദിവസം പുറത്തു വന്നിരിക്കുകയാണ്. ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ ആരോപിക്കുന്നതു പോലെ ഞാന്‍ വെളിപ്പെടുത്തുന്നില്ലെന്നും ഉന്നതര്‍ ശ്രീരാമകൃഷ്ണന്‍ മാത്രമല്ലെന്നും വരും ദിവസങ്ങില്‍ ചിത്രം വ്യക്തമാകുമെന്നും ഒരു ചോദ്യത്തിനുത്തരമായി മുല്ലപ്പള്ളി പറഞ്ഞു.
സമാന്തര സര്‍ക്കാരായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ മുഴുവന്‍ കരാറുകളും ഏറ്റെടുക്കുന്ന ഒരു സ്ഥാപനത്തില്‍ ഇ ഡി റെയ്ഡ് വന്നതോടെ സ്ഥാപത്തിന്റെ മേധാവികള്‍ ബി.ജെ.പി നേതാക്കളുമായി ബന്ധപ്പെടുന്ന വിവരം തനിക്കറിയാമെന്നും ഊരാളുങ്കല്‍ ലേബര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ പേരെടുത്തു പറയാതെ മുല്ലപ്പള്ളി ആരോപിച്ചു. നേരത്തെ ഈ സ്ഥാപനത്തില്‍ ഇ.ഡി റെയ്ഡ് വന്നപ്പോള്‍ ഇതുപോലെ ബി.ജെ.പി ദേശീയ നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നു. പിന്നീട് ആ സംഭവത്തിന്റെ ഫയല്‍ വെളിച്ചം കണ്ടിരുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ഊരാളുങ്കല്‍ ലേബര്‍ കണ്‍സ്ട്രക്ഷന്‍ സൊസൈറ്റിയാണോ ഈ സ്ഥാപനമെന്ന ചോദ്യത്തിന് പറയേണ്ട സമയത്ത് ഞാൻ എല്ലാം തുറന്നു പറയുമെന്ന് മുല്ലപ്പള്ളി മറുപടി പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് അത് അടഞ്ഞ അധ്യായമാണെന്നും അക്കാര്യത്തെക്കുറിച്ച് കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ മറുപടി നല്‍കിയെന്നും മുല്ലപ്പള്ളി പറഞ്ഞു. സി.പി.എമ്മും ബി.ജെ.പി.യും ഈ തെരഞ്ഞെടുപ്പില്‍ ധാരണയിലാണ്. മലപ്പുറത്തും കണ്ണൂരിലുമായി ഈ ധാരണ ഉണ്ടാക്കിയിട്ടുണ്ട്. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ധാരണയെന്ന മന്ത്രി ഹാടകമ്പള്ളിയുടെ പ്രസ്ഥാവനക്ക് മറുപടി അര്‍ഹിക്കുന്നില്ലെന്നും മറുപടിപറയേണ്ടവര്‍ക്ക് തക്ക സമയത്ത് മറുപടി നല്‍കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
യു.ഡി.എഫിന് ഈ തെരഞ്ഞെടുപ്പില്‍ തികഞ്ഞ ശുഭ പ്രതീക്ഷയാണുള്ളത്. വോട്ടര്‍മാര്‍ക്കിടയില്‍ ആവേശകരമായ പ്രതികരണമാണ് കാണാന്‍ കഴിയുന്നത്. ജനം ഒരു മാറ്റത്തിനു വേണ്ടി ആഗ്രഹിക്കുകയാണ് അതിനാല്‍ യു.ഡി.എഫ് റെക്കോഡ് ഭൂരിപക്ഷം നേടുമെന്നും മുല്ലപ്പള്ളി പറഞ്ഞു. നാലഞ്ചു ദിവസമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അജ്ഞാതവാസത്തിലാണ്. കേരള ചരിത്രത്തില്‍ ഇത് അത്യപൂര്‍വ്വ സംഭവമാണ്. ഇ.എം.എസ്, നായനാര്‍ ഉള്‍പ്പെടെയുള്ള മുന്‍ മുഖ്യമന്ത്രിമാര്‍ തെരഞ്ഞെടുപ്പു വേളയില്‍ സജീവമായി പ്രത്യക്ഷപ്പെട്ടെങ്കിലും പിണറായി പ്രചരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നില്‍ക്കുകയാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. അഡ്വ. പി.എം നിയാസ്, അഡ്വ. സി. ടി സജിത്ത്, എം.പി അരവിന്ദാക്ഷന്‍, എം. പി അസൈനാര്‍ എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.






