മൗനം ആയുധമാക്കി കര്‍ഷക നേതാക്കള്‍, പകച്ചുനിന്ന് കേന്ദ്രസര്‍ക്കാര്‍

♠ ഹരിത ഉമാമഹേശ്വരന്‍
ന്യൂഡല്‍ഹി: അഞ്ചാംഘട്ട ചര്‍ച്ചയിലും പരിഹാരം കണ്ടെത്താനാകാത്തതിനാല്‍ കര്‍ഷകസമരം മോദി സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കി. ഒരുഘട്ടത്തില്‍ ചര്‍ച്ച ബഹിഷ്‌കരിക്കണമെന്ന് കൂടി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍തലത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സമയം വേണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
ആറു വര്‍ഷത്തെ ഭരണത്തിനിടയില്‍ മോദി സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി കര്‍ഷകസമരം മാറുകയാണ്. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കടുത്ത ഭരണ, രാഷ്ട്രീയ പ്രതിസന്ധി ഉണ്ടാകും. ഇതിന്റെ സൂചനകളാണ് ശനിയാഴ്ച വിജ്ഞാന്‍ ഭവനിലെ ചര്‍ച്ചാവേദിയില്‍ ഉണ്ടായത്.
പുതിയ കര്‍ഷക നിയമങ്ങള്‍ പാലിക്കാന്‍ ആവില്ലെന്ന നിലപാട് ആവര്‍ത്തിച്ച സര്‍ക്കാര്‍ ചില ഭേദഗതികള്‍ വരുത്തുമെന്ന് അറിയിച്ചു. താങ്ങുവില സംവിധാനം തുടരാമെന്നും കൃഷിമന്ത്രി നരേന്ദ്രസിംങ് തോമറിന്റെ നേതൃത്വത്തിലുള്ള മന്ത്രിതലസംഘം ആവര്‍ത്തിച്ചു. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ കര്‍ഷകര്‍ തയ്യാറായില്ല.
നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തിനു ചെയ്യും ചെയ്യില്ല എന്ന് ഉത്തരം മാത്രം മതിയെന്ന് കര്‍ശന നിലപാട് നേതാക്കള്‍ സ്വീകരിച്ചതോടെ വീണ്ടും കാണണമെന്ന് ഉപാധി വച്ച് സര്‍ക്കാര്‍ പിന്‍വാങ്ങേണ്ടിവന്നു. ബുധനാഴ്ച വീണ്ടും ചര്‍ച്ച നടത്തണമെന്ന് കര്‍ഷകര്‍ സമ്മതിച്ചത് മാത്രമാണ് അഞ്ചാംഘട്ട ചര്‍ച്ചയുടെ ആകെത്തുക.






