ബുറെവി ചുഴലിയായി; കേരളത്തില്‍ നാളെ ഉച്ചയോടെ കാലാവസ്ഥ പ്രക്ഷുബ്ധമാകും

♠ ഹരിത ഉമാമഹേശ്വരന്‍

തിരുവനന്തപുരം: തെക്കന്‍ കേരളത്തിലും തെക്കന്‍ തമിഴ്‌നാട് തീരങ്ങളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചുഴലിക്കാറ്റിന് സാധ്യതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദം ബുധനാഴ്ച വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറാനുള്ള സാഹചര്യത്തിലാണിത്.
ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്കേ ഇന്ത്യന്‍ മുനമ്പിലേക്ക് നീങ്ങുന്ന ബുറെവി ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ശ്രീലങ്കയില്‍ പ്രവേശിക്കും എന്നാണ് പ്രവചനം. നാളെ ഉച്ച മുതല്‍ മറ്റന്നാള്‍ ഉച്ചവരെ തെക്കന്‍ ജില്ലകളില്‍ അതിതീവ്ര ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വിദഗ്ധര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തെക്കന്‍ ജില്ലകളില്‍ പ്രത്യേകിച്ചും കനത്ത മഴയ്ക്കും കാറ്റിനും ബുറെവി വഴിതുറക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബുറെവി ചുഴലിക്കാറ്റ് ബുധനാഴ്ച ശ്രീലങ്കന്‍ തീരമായ ട്രിങ്കോമാലിയില്‍ കരതൊടും. മണിക്കൂറില്‍ 95 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശ്രീലങ്കയില്‍ പ്രവേശിക്കുന്ന കാറ്റ് തുടര്‍ന്ന് വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് വെള്ളിയാഴ്ച പുലര്‍ച്ചയോടെയാവും തമിഴ്‌നാട് തീരത്ത് എത്തുക.

ചുഴലിക്കാറ്റിന്റെ വരവിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലും അതീവ ജാഗ്രത തുടരുകയാണ്. 10 ദിവസത്തിനിടെ തമിഴ്‌നാട് തീരത്ത് എത്തുന്ന രണ്ടാമത്തെ ചുഴലിക്കാറ്റ് ആണിത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടി, കന്യാകുമാരി, തിരുനെല്‍വേലി, രാമനാഥപുരം ജില്ലകളെയാണ് ബുറെവി ചുഴലിക്കാറ്റ് പ്രധാനമായും ബാധിക്കുക. ഇതിന്റെ വരവിനെ തുടര്‍ന്ന് ലക്ഷദ്വീപിലും മാലിദ്വീപിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

വെള്ളിയാഴ്ച തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് 48 വില്ലേജുകളില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. മത്സ്യബന്ധനത്തിന് പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കടല്‍ തീരത്ത് സഞ്ചാരികള്‍ക്കും കര്‍ശന വിലക്കേര്‍പ്പെടുത്തിട്ടുണ്ട്.