ഫുട്‌ബോള്‍ ഇതിഹാസം മറഡോണ അന്തരിച്ചു

ഈ മാസം ആദ്യം മറഡോണയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ഹൃദയാഘാദത്തെത്തുടര്‍ന്ന് ടിഗ്രെയിലെ വസതിയില്‍ അന്തരിച്ചു. 60ാമത്തെ വയസ്സിലാണ് ഡീഗോ മറഡോണ ജീവിതത്തിന്റെ കളിക്കളത്തില്‍നിന്ന് മരണത്തിലേക്ക് വിടവാങ്ങിയിരിക്കുന്നത്. ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ മരണവാര്‍ത്ത അര്‍ജന്റീനയില്‍ നിന്നുള്ള വാര്‍ത്താ മാധ്യമങ്ങളാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് ഈ മാസം ആദ്യം അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി മറഡോണയുടെ ആരോഗ്യ സ്ഥിതി മോശമായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഭക്ഷണം കഴിക്കാന്‍ പ്രയാസം നേരിടുന്നതായും വിഷമവൃത്തിയിലാണെന്നും മറഡോണയുടെ അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള ലാപ്‌ളാറ്റയിലെ ക്ലിനിക്കിലാണ് മറഡോണയെ പ്രവേശിപ്പിച്ചിരുന്നത്.

ഈ മാസം ആദ്യം 80 മിനിറ്റ് നീളുന്ന ശസ്ത്രക്രിയയിലൂടെയാണ് അദ്ദേഹത്തിന്റെ തലച്ചോറില്‍ നിന്നും കട്ടപിടിച്ച രക്തം നീക്കം ചെയ്തത്. വിഷാദരോഗത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയത്.

നേരത്തെ ലഹരിയുടെ അമിത ഉപയോഗം മറഡോണയെ മരണത്തിന്റെ വക്കോളം എത്തിച്ചിട്ടുണ്ട്. ക്യൂബയില്‍ അടക്കം ലഹരി വിമുക്തി ചികിത്സയ്ക്ക് മറഡോണ വിധേയനായിരുന്നു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക