ഇബ്രാഹിംകുഞ്ഞിന് അര്‍ബുദം, തുടര്‍ചികിത്സ ആവശ്യമെന്ന് ഡോക്ടര്‍മാര്‍

♠ ഹരിത ഉമാമഹേശ്വരന്‍

കൊച്ചി: ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് അര്‍ബുദചികിത്സയില്‍. ഇത്‌സംബന്ധമായി സര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡ് തൊടുപുഴ വിജിലന്‍സ് കോടതിയില്‍ മുന്‍മന്ത്രിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇബ്രാഹിംകുഞ്ഞിന് തുടര്‍ചികിത്സ ആവശ്യമെന്നാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇബ്രാഹിംകുഞ്ഞിനെ ഇപ്പോള്‍ കസ്റ്റഡിയില്‍ വിടാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയിരിക്കയാണ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഇബ്രാഹിംകുഞ്ഞിന് നവംബര്‍ 19-ാം തീയതി ലേക് ഷോര്‍ ആശുപത്രിയില്‍ കീമോ തെറാപ്പി ചെയ്തിരുന്നു. ഡിസംബര്‍ മൂന്നിന് വീണ്ടും കീമോ തെറാപ്പി ചെയ്യേണ്ടതുണ്ട്. ഇതിനകം 33 തവണ ലേക് ഷോറില്‍ പരിശോധന നടത്തിയിട്ടുണ്ട്. ആശുപത്രിയില്‍ നിന്നും മാറ്റിയാല്‍ അണുബാധക്ക് സാധ്യതയുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രോസിക്യൂഷന്‍ വാദിച്ചത് ഇബ്രാഹിം കുഞ്ഞിനെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി ചികിത്സിക്കാമെന്നാണ്.
അതേസമയം ഇബ്രാഹിംകുഞ്ഞിനെ ഉടന്‍ വിജിലന്‍സ് കസ്റ്റഡിയിലേക്ക് വിടാനാകില്ലെന്ന് തൊടുപുഴ വിജിലന്‍സ് കോടതി നിരീക്ഷിച്ചു. വി കെ ഇബ്രാഹിംകുഞ്ഞിന് ആരോഗ്യ പ്രശ്‌നമുണ്ട്. മെഡിക്കല്‍ ബോര്‍ഡ് അഭിപ്രായം പരിഗണിച്ച ശേഷം മാത്രമേ ആശുപത്രി മാറ്റുന്ന കാര്യം തീരുമാനിക്കാനാകൂ എന്ന് കോടതി വ്യക്തമാക്കി.

ആരോഗ്യ പ്രശ്‌നം ചൂണ്ടിക്കാട്ടി, ഇബ്രാഹിംകുഞ്ഞ് കേസില്‍ ജാമ്യം തേടി നല്‍കിയ ജാമ്യാപേക്ഷ കോടതി നാളത്തേക്ക് മാറ്റിയിരിക്കയാണ്.