നിവാര്‍ ചുഴലിക്കാറ്റ് ഭീഷണി; തമിഴ്‌നാട്, പുതുച്ചേരി, ആന്ത്രാ തീരങ്ങളില്‍ മുന്നറിയിപ്പ്

♠ ഹരിത ഉമാമഹേശ്വരൻ 

ചെന്നൈ: ഇപ്പോള്‍ ചെന്നൈ തീരത്ത് നിന്ന് 470 കിലോമീറ്റര്‍ അകലെയുള്ള തീവ്രന്യൂനമര്‍ദ്ദം ബുധനാഴ്ച വൈകിട്ടോടെ തമിഴ്‌നാട് തീരം തൊടുമെന്ന് തമിഴ്‌നാട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ നിവാര്‍ ചുഴലിക്കാറ്റായി മാറുമെന്നും തമിഴ്‌നാട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇതേതുടര്‍ന്ന് തമിഴ്‌നാട് പുതുച്ചേരി ആന്ത്രാ തീരങ്ങളില്‍ മുന്നറിയിപ്പ് നല്‍കി. ചെന്നൈ ഉള്‍പ്പടെ തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളില്‍ അടുത്ത 24 മണിക്കുറിനിടെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതെതുടര്‍ന്ന് എന്‍ഡിആര്‍എഫിന്റെ 14 ആംഗ സംഘത്തെ തീരമേഖലയില്‍ വിന്യസിച്ചു. കാരയ്ക്കല്‍, മഹബാലിപുരം തീരത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചുതുടങ്ങിയിട്ടുമുണ്ട്.

നിവാര്‍ ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് നേരത്തേ ആറ് സെപ്ഷ്യന്‍ ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. കൂടാതെ കാരയ്ക്കല്‍ പുതുച്ചേരി ഭുവനേശ്വര്‍ റൂട്ടിലുള്ള മൂന്ന് സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ കൂടി ഭക്ഷിണ റെയില്‍വേ റദ്ദാക്കി. അതോടൊപ്പം തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളിലെ ബസ് സര്‍വീസും ഇന്ന് ഉച്ചക്ക് ഒരു മണി മുതല്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കും.