ഒരേവീട്ടിൽ കൈകോർത്ത് അമ്മയും മകനും മകളും ജനവിധി തേടുന്നു

തലശ്ശേരി: തലശ്ശേരി നഗരസഭയിലേക്ക് യു.ഡി.എഫിന് കടന്നുചെല്ലാനുള്ള പാലമിടാൻ ഒരേ വീട്ടിൽ താമസിക്കുന്ന അമ്മയും മകനും മകളും സ്ഥാനാർത്ഥികളായി കൈകോർത്ത് ജനവിധി തേടുന്നു. തലശ്ശേരി മുകുന്ദ് മല്ലർ റോഡിലെ കളത്തിൽ വീട്ടിലാണ് അപൂർവ്വ നിയോഗം.

മഹിളാ കോൺഗ്രസ് തലശ്ശേരി ബ്ലോക്ക്‌ പ്രസിഡണ്ടും സാമൂഹ്യ പ്രവർത്തന രംഗത്ത് തലശ്ശേരിയുടെ വനിത മുഖവുമായ എ. ഷർമിളയാണ് അമ്മ.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

മോറക്കുന്നു വാർഡിലാണ് ഇവർ  ജനവിധി തേടുന്നത്. മകൻ എസ്.രാഹുൽ കെ.എസ്.യു.വിൻ്റെ ജില്ലാ സെക്രട്ടറിയും യുവജന, വിദ്യാർത്ഥി രാഷ്ട്രീയത്തിൽ  തലശ്ശേരി കോൺഗ്രസ്‌ പാർട്ടിയിലെ നിറസാന്നിധ്യവുമാണ്. യുവ അഭിഭാഷകനായ   രാഹുൽ കുട്ടിമാക്കൂൽ വാർഡിൽ  ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി.

രാഹുലിൻ്റെ സഹോദരി എസ്.ഹൈമ വാർഡ് നമ്പർ 16ചിള്ളക്കരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുമാണ്. മഹിളാ കോൺഗ്രസ് അസംബ്ളി മണ്ഡലം സോഷ്യൽ മീഡിയാ കോർഡിനേറ്ററാണ് ഹൈമ. കൈ ചിഹത്തിൽ കൈകോർത്ത് വോട്ട് ചോദിക്കാൻ ലഭിച്ച അപൂർവ്വതയുടെ ത്രില്ലിലാണ് അമ്മയും മക്കളും.