ആകാശത്തേക്കൊരു സർവെ നടത്തി ഭൂമിയിലേക്ക് ഒരു കല്ലുമിട്ട് ജനങ്ങളെ വഴിയാധാരമാക്കുന്ന അതിവേഗ റെയിൽ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറണം: കെ. മുരളീധരൻ എം.പി

തലശ്ശേരി: എൽ. ഡി. എഫ് കൊണ്ടുവരുന്ന വികസനം കമ്മീഷൻ പറ്റുന്ന വികസനമാണ്. എന്നാൽ യു.ഡി.എഫിന്റെ കാലത്തുള്ള വികസനം നാടിന്റെ വികസനമാണെന്ന് കെ. മുരളീധരൻ എം.പി. കെ.റെയിൽ പദ്ധതി, കെ. ഫോൺ പദ്ധതി തുടങ്ങി ലൈഫ് പദ്ധതി വരെ ഇതിനു ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന അതിവേഗ റെയിൽ പദ്ധതിക്കെതിരെ തലശ്ശേരി പുതിയ ബസ്റ്റാന്റ് പരിസരത്ത് മണ്ഡലം യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച സമര പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുരളിധരൻ എം.പി.

കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നടപ്പാക്കാൻ ശ്രമിച്ച കെ റെയിൽ പദ്ധതി നിരവധി ആളുകൾക്ക് വീടുകളും വ്യവസായ സ്ഥാപനങ്ങളും നഷ്ടപ്പെടുമെന്ന കാരണത്താൽ ഉപേക്ഷിക്കുകയായിരുന്നു. അന്ന് പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് സമരം ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഉള്ളതിനേക്കാൾ പത്തിരട്ടി ആളുകളെ പദ്ധതിനടപ്പാക്കുന്നതോടെ കുടിയൊഴിപ്പിക്കേണ്ടി വരുമെന്നും എം.പി ചൂണ്ടിക്കാട്ടി. ഇങ്ങനെ കുടിയൊഴിപ്പിക്കേണ്ടി വരുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിൽ ഒരു വ്യക്തതയുമില്ല.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

കോടികൾ ചെലവഴിച്ച് ആർക്കും ഉപകാരപ്രദമല്ലാത്ത അശാസ്ത്രീയമല്ലാത്ത അതിവേഗ റെയിൽ പദ്ധതിയി നടപ്പാക്കുന്നതിൽ നിന്നും സംസ്ഥാന സർക്കാർ പിന്തിരിയണം.

തലശ്ശേരി ടൗൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളെ ഇല്ലായ്മ ചെയ്തു കൊണ്ടുള്ള ഒരു വികസനമല്ല വേണ്ടത്. നഗരത്തിന്റെ പ്രതാപം നിലനിർത്തിക്കൊണ്ടുള്ള ഏതൊരു വികസനത്തിനും യു.ഡി.എഫ് പിന്തുണക്കും.

ആകാശത്തേക്കൊരു സർവെ നടത്തി ഭൂമിയിലേക്ക് ഒരു കല്ലുമിട്ട് ജനങ്ങളെ വഴിയാധാരമാക്കുന്നതാണ് ഈ പദ്ധതി. സംസ്ഥാന സർക്കാർ ഇറങ്ങി പോകുന്നതിനു മുമ്പ് തലശ്ശേരി മൈസൂർ റെയിൽപ്പാത നടപ്പാക്കാൻ മുഖ്യമന്ത്രി ശ്രമിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. എൻ. മഹമൂദ്  അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എ ലത്തീഫ് സംസാരിച്ചു. വി. രാധാകൃഷ്ണൻ മാസ്റ്റർ, വി. എൻ ജയരാജ്, എം.പി അരവിന്ദാക്ഷൻ, വി.സി പ്രസാദ്, സി. കെ. പി മമ്മു, അഹമ്മദ് അൻവർ തുടങ്ങിയവർ സംബന്ധിച്ചു.