സിൽവർ ലൈൻ പദ്ധതി നടപ്പാക്കാനനുവദിക്കില്ല: യുഡിഎഫ്

തലശ്ശേരി നൂറുക്കണക്കിന് കുടുംബങ്ങള്‍ക്ക് വീടും തൊഴില്‍ സ്ഥാപനങ്ങളും നഷ്ടപ്പെടുന്ന സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്നത് അനുവദിക്കില്ലെന്ന് യുഡിഎഫ് തലശ്ശേരി മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
തിരുവനന്തപുരത്തു നിന്നും 4 മണിക്കൂറിനുള്ളില്‍ കാസര്‍കോഡ് എത്തിച്ചേരാമെന്ന നിലയില്‍ 532 കിലോമീറ്റര്‍ ദൂരത്തുനിന്നുള്ള സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ ഇടുങ്ങിയതും ജനസാന്ദ്രതയേറിയതുമായ തലശ്ശേരിയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളെ ദുരിതത്തിലാക്കും.
2009 ഫിബ്രവരിയില്‍ ധനകാര്യ മന്ത്രി തോമസ് ഐസക്കാണ് ഹോസ്പീഡ് റെയില്‍ പദ്ധതി പ്രഖ്യാപിക്കുന്നത്. 2010 ഫിബ്രവരിയില്‍ അന്നത്തെ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്‍ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചു. സാധ്യത പഠനം നടത്താന്‍ അധികാരപ്പെടുത്തിയ ഡിഎംആര്‍സി 2012 ജൂണില്‍ സര്‍ക്കാറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് 2014 ഒക്ടോബറില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനകീയ എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതിയുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. കേരളത്തിലെ 10 ജില്ലകളിലെ പ്രധാന ടൗണുകളില്‍ ഉള്‍പ്പെടെ 1224 ഹെക്ടര്‍ ഭൂമി അക്വയര്‍ ചെയ്യുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്തായിരുന്നു പദ്ധതി ഉപേക്ഷിക്കാന്‍ ഉമ്മന്‍ ചാണ്ടി തീരുമാനിച്ചത്. പിന്നീട് അധികാരത്തിലെത്തിയ പിണറായി വിജയന്റ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് 2016 ജൂണില്‍ ഡിഎംആര്‍സിയോട് സമ്പൂര്‍ണ്ണ പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. 2019 ജനുവരിയില്‍ ഡിഎംആര്‍സി സമര്‍പ്പിച്ച കേരള ഹൈസ്പീഡ് റെയില്‍ പ്രൊജക്ട് ഭീമമായ സാമ്പത്തിക ചിലവുണ്ടാകുമെന്ന കാരണത്താല്‍ വൈന്‍ഡപ്പ് ചെയ്യാന്‍ തീരുമാനിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ നിയോഗിച്ച സ്വിസ്ട്ര എന്ന കണ്‍സെല്‍ട്ടിംഗ് കമ്പനി സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി 66079 കോടി രൂപ ചെലവില്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ട് നല്‍കുകയുണ്ടായി 2019 ഡിസംബറില്‍ സില്‍വര്‍ ലൈന്‍ എന്ന പേരില്‍ പദ്ധതിക്ക് അംഗീകാരം നല്‍കുകയായിരുന്നു. ഈ പദ്ധതിയുടെ ഏരിയല്‍ സര്‍വ്വെ പൂര്‍ത്തീകരിച്ചു. 2020 ജനുവരി മാസം 10 ജില്ലകളിലായി ഭൂമി ഏറ്റെടുക്കുമെന്ന് ലാന്‍ഡ് അക്വിസിഷന്‍സ് സെല്‍സ് ആരംബിക്കുവാന്‍ തീരുമാനിച്ചു. ഈ പദ്ധതിയുടെ സമ്പൂര്‍ണ്ണ പ്രോജക്ട് റിപ്പോര്‍ട്ടിന് കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അംഗീകാരം നല്‍കി. കഴിഞ്ഞ ജൂണ്‍ 10 ന് വടകര, തലശ്ശേരി സ്ട്രച്ച് 57.5 കിലോമീറ്റര്‍ പരിധിയില്‍ മാറ്റം വരുത്തി റിവൈസ്ഡ് അലൈന്‍മെന്റിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ന്യൂമാഹി പഞ്ചായത്ത് തലശ്ശേരി നഗരസഭ പരിധിയിലൂടെ കടന്നുപോകുന്നതിനു പകരം പോണ്ടിച്ചേരി മയ്യഴി പ്രദേശം വഴി കതിരൂര്‍, മമ്പറം, ചാല റെയില്‍വെ ബൈപാസ് വഴി കണ്ണൂരിലേക്ക് എത്തിച്ചേരുന്ന തരത്തിലായിരുന്നു അെൈലന്‍മെന്റ് എങ്കില്‍ ഏറെ ജനസാന്ദ്രത കുറഞ്ഞ ആ പ്രദേശത്തെ സിപിഎം കേന്ദ്രങ്ങളിലെ എതിര്‍പ്പിനെ തുടര്‍ന്നാണ് മാഹി മുതല്‍ എടക്കാട് വരെ നിലവിലുള്ള റെയിലിനു സമാന്തരമായി അലൈന്‍മെന്റ് മാറ്റിയത്. ഇതുവഴി ന്യൂമാഹി പഞ്ചായത്തിലെ നിരവധി ഭവനങ്ങളും തലശ്ശേരി നഗരസഭയിലെ തലായ്, ടെമ്പിള്‍, തിരുവങ്ങാട്, പുതിയ ബസ്റ്റാന്റ്, ചേറ്റംകുന്ന്, കൊടുവള്ളി മേഖലകളിലുള്ള നൂറുകണക്കിന് വീടുകളും കച്ചവടസ്ഥാപനങ്ങളും പൊളിച്ചുമാറ്റേണ്ടിവരും പുതിയ ബസ്റ്റാന്റിലെ പഴം, പച്ചക്കറി മാര്‍ക്കറ്റുകള്‍ ഇല്ലാതാകും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, മംഗലാപുരം എയര്‍പോര്‍ട്ടുകള്‍ 600 കിലോമീറ്ററുകള്‍ക്ക് ചുവടെയുള്ള സാഹചര്യത്തില്‍ ഡൊമസ്റ്റിക്ക് എയര്‍ലൈന്‍ ശക്തിപ്പെടുത്തിയാല്‍ ജനങ്ങള്‍ക്ക് യാതൊരു നഷ്ടവും സംഭവിക്കാതെ അതിവേഗ യാത്രക്ക് സൗകര്യം ഒരുക്കാന്‍ സാധിക്കും. ഡിഎംആര്‍സിക്ക് പകരം സിസ്ട്ര കമ്പനിയെ സര്‍വ്വേക്ക് നിയോഗിച്ചതുതന്നെ വന്‍ സമ്പത്തിക അഴിമതിക്ക് വേണ്ടിയാണ്. കെ ഫോണ്‍, സ്പ്രിംഗ്ലര്‍, ലൈഫ് മിഷന്‍ പദ്ധതികളിലെ അഴിമതി പോലെ വിശദമായ അന്വേഷണം നടത്തിയാല്‍ കെ റെയില്‍ പദ്ധതിക്കു പിറകിലെ അഴിമതിയും പുറത്തുവരും.
ന്യൂമാഹി പഞ്ചായത്തിനേയും തലശ്ശേരി പട്ടണത്തേയും നിടുകെ പിളര്‍ന്നു കൊണ്ടുപോകുന്ന സില്‍വര്‍ ലൈന്‍ പദ്ധതികൊണ്ട് യാതൊരു നേട്ടവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആയതിനാല്‍ കെ റെയില്‍വെ പദ്ധതിയിലെ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. തലശ്ശേരിയിലെ ജനങ്ങളെ ദുരിതത്തിലാക്കുന്ന പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം.
പദ്ധതികളുമായി മുന്നോട്ട് പോകുകയാണ് ലക്ഷ്യമെങ്കില്‍ ജനങ്ങളെ അണിനിരത്തി ശക്തമായസമരവുമായി മുന്നോട്ട് പോകുമെന്ന് ഐക്യജനാധിപത്യ മുന്നണി നേതാക്കള്‍ അറിയിച്ചു. വാര്‍ത്ത സമ്മേളനത്തില്‍ അഡ്വ. കെഎ ലത്തീഫ്, അഡ്വ. സിടി സജിത്ത്, അഡ്വ. പി വി സൈനുദ്ദീന്‍, എന്‍ മഹമൂദ്, വിഎന്‍. ജയരാജ്, എകെ അബൂട്ടി ഹാജി, എംപി അരവിന്ദാക്ഷന്‍, വിസി പ്രസാദ് എന്നിവര്‍ പങ്കെടുത്തു.






