ലൈഫ് മിഷൻ; നിയമസഭാ സമിതി ഇഡിയോടു വിശദീകരണം തേടും

തിരുവനന്തപുരം: ലൈഫ് പദ്ധതിയിലെ ഫയലുകള്‍ ആവശ്യപ്പെട്ടത് അവകാശലംഘനമാണെന്നു കാട്ടി ഫയലുകള്‍ ആവശ്യപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരോടു വിശദീകരണം തേടാന്‍ നിയമസഭ പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയുടെ തീരുമാനിച്ചു. ഒരാഴ്ചക്കകം വിശദീകരണം നല്‍കാനാണു നിര്‍ദേശിച്ചിരിക്കുന്നത്.
ഇതാദ്യമായാണ് ഒരു കേന്ദ്ര ഏജന്‍സിയോട് സഭാസമിതി വിശദീകരണം തേടുന്നത്. പദ്ധതിയിലെ ഫയലുകള്‍ ആവശ്യപ്പെട്ടത് അവകാശലംഘനമാണെന്നു കാട്ടി ജയിംസ് മാത്യു എംഎല്‍എ സ്പീക്കര്‍ക്കു പരാതി നല്‍കി. ലൈഫ് പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതായി എംഎല്‍എയുടെ പരാതിയില്‍ പറയുന്നു. ഈ പരാതി സ്പീക്കര്‍ പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്കു കൈമാറി. ഭവനരഹിതരായ മുഴുവന്‍ പേര്‍ക്കും വീട് നല്‍കുമെന്നു സഭയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ്. ഇത് തടസപ്പെടുത്തുന്നത് അവകാശലംഘനമാണെന്നും ജയിംസ് മാത്യു എംഎല്‍എ പരാതിയില്‍ പറഞ്ഞിട്ടുള്ളത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
എ പ്രദീപ് കുമാര്‍ എംഎല്‍എ കമ്മിറ്റി ചെയര്‍മാനും ജോര്‍ജ് എം തോമസ്, ജോണ്‍ ഫെര്‍ണാണ്ടസ്, വി കെ സി മമ്മദ് കോയ, മോന്‍സ് ജോസഫ്, ഡി കെ മുരളി, വി എസ് ശിവകുമാര്‍, ഇ ടി ടയ്‌സണ്‍ മാസ്റ്റര്‍ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.
കള്ളപ്പണത്തട്ടിപ്പ് കേസില്‍ പി ടി തോമസിനോടും ജ്വല്ലറി തട്ടിപ്പുകേസില്‍ എം സി ഖമറുദ്ദിനോടും വിശദീകരണം തേടാനും തീരുമാനിച്ചിട്ടുണ്ട്.






