രാഹുല്‍ ഗാന്ധിക്കെതിരായ സരിതയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി; ഒരുലക്ഷം രൂപ പിഴ

♠ ലക്ഷ്മി
ദില്ലി: വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതിയായിരുന്ന സരിത എസ് നായര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
പരാതിക്കാരിയും അഭിഭാഷകനും തുടര്‍ച്ചയായി ഹാജരാവാതിരുന്നതോടെയാണ് സുപ്രീം കോടതി ഹര്‍ജി തള്ളിയത്. കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് പരാതിക്കാരിയായ സരിത എസ് നായര്‍ക്ക് ഒരു ലക്ഷം രൂപ പിഴയും കോടതി പിഴ ചുമത്തി. തന്റെ നാമനിര്‍ദേശ പത്രിക തള്ളിയത് ചോദ്യം ചെയ്തായിരുന്നു സരിതയുടെ ഹര്‍ജി. വയനാട് മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ ആവശ്യമുന്നയിച്ചുള്ള സരിതയുടെ ഹര്‍ജി ഹൈക്കോടതി മുമ്പ് തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സോളാര്‍ കേസില്‍ കോടതി ശിക്ഷിച്ച സാഹചര്യം ചൂണ്ടിക്കാട്ടി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സരിത എസ് നായര്‍ വയനാട്ടില്‍ നിന്നും എറണാകുളത്ത് നിന്നും മത്സരിക്കാനായി നല്‍കിയ നാമനിര്‍ദേശ പത്രികകള്‍ തള്ളപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വയനാട്ടിലെ പത്രിക തള്ളിയതില്‍ വരണാധികാരിയുടെ ഭാഗത്ത് പിഴവുണ്ടായെന്നും, വയനാട്ടില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ജയം അസാധുവാക്കണമെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ട് സരിത സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ കേസ് പരിഗണിച്ചെങ്കിലും ആരും ഹാജരായില്ല. തുടര്‍ന്ന് മറ്റു കേസുകളിലേക്ക് കടന്ന കോടതി പിന്നെയും കേസ് വിളിച്ചു അപ്പോഴും പരാതിക്കാരിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരായില്ല. ഇതോടെയാണ് ഹര്‍ജി തള്ളാനും കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിനു ഒരു ലക്ഷം രൂപ പിഴ ചുമത്താനും ചീഫ് ജസ്റ്റിസ് ഉത്തരവിട്ടത്.






