ലഹരിമരുന്നു കേസ്; ബിനീഷ് കോടിയേരി ഇ.ഡി കസ്റ്റഡിയിൽ

♠ ഹരിത ഉമാമഹേശ്വരന്‍

ബാംഗളൂരു: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. ബാംഗളൂരു മയക്കുമരുന്ന് കേസിലാണ് നടപടി.കസ്റ്റഡിയിലെടുത്ത ബിനീഷിനെ ബാംഗളൂരു സിറ്റി സിവിൽ കോടതിയിലേക്ക് കൊണ്ടുപോയി.

രണ്ടാം വട്ടം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ബിനീഷിനെ അറസ്റ്റ് ചെയ്തത്. രാവിലെ 11 മണിയോടെയാണ് ബാംഗ്ലൂരുവിലെ ഡയറക്ടറേറ്റ് ഓഫീസിൽ വെച്ചു ബിനീഷിനെ ചോദ്യം ചെയ്തത്.

ഒക്ടോബർ ആറിന് ലഹരി മരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ ഇ ഡി ചോദ്യം ചെയ്തിരുന്നു. കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന അനൂപ് മുഹമ്മദിനെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോൾ മൊഴി പൊരുത്തപ്പെടാതത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ബിനീഷിനെ ചോദ്യം ചെയ്യാൻ ഇഡി വിളിച്ചുവരുത്തിയത് എന്നാണ് റിപ്പോർട്ട്. അനൂപിന് ഒപ്പമിരുത്തി ബിനീഷിനെ ചോദ്യം ചെയ്യുന്നതിന് വിളിച്ചുവെങ്കിലും ചില ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഹാജരായില്ല.

അനൂപ് ആവശ്യപ്പെട്ടതുപ്രകാരം ബിനീഷ് അദ്ദേഹത്തിന് പണം നൽകിയിരുന്നു. 50 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിൽ നിന്നായി അനൂപിന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട്. ഈ പണം ആരാണ് നിക്ഷേപിച്ചത് എന്ന കാര്യത്തിൽ അനൂപിന് വ്യക്തത നൽകാനായിട്ടില്ല. ബിനീഷിന്റെ നിർദ്ദേശപ്രകാരമാണോ ഇരുപതോളം അക്കൗണ്ടുകളിൽ നിന്നായി ഇടപാടുകൾ നടത്തിയിട്ടുള്ളത് എന്നതും ഇഡി അന്വേഷിക്കുന്നുണ്ട്.