ആയുധ പ്രദർശന പൂജ; സർക്കാർ നിലപാട് സംഘിബാന്ധവം വെളിവാക്കുന്നത്: ഇന്ത്യൻ സോഷ്യൽ ഫോറം

ജിദ്ദ: വിജയദശമി ആഘോഷത്തിന്റെ പേരിൽ മാരകായുധങ്ങൾ പ്രദർശിപ്പിക്കുകയും സാമൂഹ്യ മാധ്യമങ്ങളിലടക്കം കലാപാഹ്വാനാം നടത്തുകയും ചെയ്ത ഹിന്ദുത്വ തീവ്രവാദികളുടെ  പ്രവൃത്തികൾക്കെതിരെ ചെറുവിരലനക്കാൻ തയ്യാറാകാത്ത പിണറായി സർക്കാരിന്റെയും പോലീസിന്റെയും നടപടി തികഞ്ഞ സംഘപരിവാർ ബാന്ധവത്തിന്റെ വ്യക്തമായ ഉദാഹരണമാണെന്ന്  ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ആക്രമണത്തിനായി ശേഖരിച്ചു വെച്ച തോക്കുകളും കൊടുവാളുകളും പരസ്യമായി പ്രദർശിപ്പിക്കുകയും യാതൊരു കൂസലുമില്ലാതെ മറ്റു മതസ്ഥരെ കൊന്നു തീർക്കണമെന്നും അവരിൽപ്പെട്ട സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്നും ആഹ്വാനം ചെയ്യുന്ന സംഘപരിവാർ തീവ്രവാദികൾക്കെതിരെ ഒരു കേസ് പോലുമെടുക്കാതെ മൗനം പാലിച്ചു നിൽക്കുന്നത് സർക്കാരിന്റെയും പോലീസിന്റെയും സംഘിവിധേയത്വമല്ലാതെ മറ്റൊന്നുമല്ല.

ഹിന്ദുത്വ അക്രമികൾക്കെതിരെ പരാതി കൊടുത്താൽ ഒഴിവുകഴിവുകൾ പറയുന്ന പോലീസ് അവർ ലക്‌ഷ്യം വെച്ചിട്ടുള്ള മറ്റു വിഭാഗക്കാരുടെ മേൽ നിസ്സാര കേസുകൾക്കു പോലും കടുത്തനടപടികളുമായി മുന്നേറുകയുമാണ്.

ആർ.എസ്.എസ്. തീവ്രവാദികൾ സാമൂഹ്യമാധ്യമങ്ങളിലൂടെയും പരസ്യപ്രകടനങ്ങളിലൂടെയും ആയുധങ്ങൾ ശേഖരിക്കാനും കൂട്ടക്കൊലകൾക്കു ആഹ്വനം നടത്തുന്നതും തുടരെത്തുടരെയുണ്ടായിട്ടും ഞാനൊന്നുമറിഞ്ഞില്ലയെന്ന മട്ടിൽ നിൽക്കുന്ന മുഖ്യനും കൂട്ടരും തികഞ്ഞ വിവേചനമാണ് നടത്തുന്നതെന്നും സോഷ്യൽ ഫോറം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പിണറായിയുടെ നിസ്സംഗഭാവവും സർക്കാരിനെ നിയന്ത്രിക്കുന്ന സി.പി.എമ്മിന്റെ നിലപാടും ഇടതുപക്ഷ തത്വത്തിൽ നിന്നും വ്യതിചലിച്ചിട്ടുണ്ടോയെന്നു പാർട്ടി പരിശോധിക്കുന്നത് നന്നാകുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

ഉത്തരവാദപ്പെട്ട പ്രതിപക്ഷ കക്ഷികളും പൊതുസമൂഹവും കണ്ണു തുറന്നില്ലെങ്കിൽ കേരള സംസ്ഥാനം യു.പി. മോഡലാകാൻ അധികകാലം വേണ്ടിവരില്ലെന്ന്  സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് പ്രസിഡണ്ട് ഹനീഫ കിഴിശ്ശേരി, ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.