ഡിസ്പാക്കിൽ നിന്നും വിരമിച്ചവർക്ക് യാത്രയയപ്പ് നൽകി

ദമാം : ദമാം ഇന്റർ നാഷണൽ ഇന്ത്യൻ സ്‌കൂളിലെ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മയായ ഡിസ്പാക്കിൽ നിന്നും വിരമിച്ച മുൻ ട്രഷറർ മുസ്തഫ തലശ്ശേരിക്കും ജോ: ട്രഷറർ റെജി പീറ്ററിനും ഡിസ്പാക് എക്സിക്യു്ട്ടീവ് കമ്മറ്റി യാത്രയയപ്പ് നൽകി.

നിലവിൽ സ്‌കൂളിലെ രക്ഷിതാവ് പദവി ഇല്ലാത്തത് മൂലമാണ് ഡിസ്പാക്കിൽ നിന്നും ഇരുവർക്കും വിരമിക്കേണ്ടി വന്നത്. ഡിസ്പാക്കിൻ്റെ രൂപീകരണ കാലം മുതൽ മുന്നിൽ നിന്നും പ്രവർത്തിക്കുകയും നേത്യത്വം നൽകുകയും ചെയ്ത  മുസ്തഫ തലശ്ശേരി,  റെജി പീറ്റർ എന്നിവർ ഡിസ്പാക്കിന് വേണ്ടി നൽകിയ സേവനങ്ങൾ മലയാളി സമൂഹം എന്നും ഓർക്കുമെന്ന് പരിപാടിയിൽ പങ്കെടുത്തവർ പറഞ്ഞു.

ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ നിലവിലെ സാഹചര്യം വിലയിരുത്തുകയും മുൻ ഭരണ സമിതിയുടെ കാലങ്ങളിൽ സാമ്പത്തിക തിരിമറിയിലൂടെ സ്കൂളിന് നഷ്ടപ്പെട്ട തുക തിരികെ പിടിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം അധിക്യതരോട്  ആവശ്യപ്പെട്ടു. സ്‌കൂൾ അഭിമുഖികരിക്കുന്ന വിവിധ വിഷയങ്ങൾ പൊതു സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ട് വരുന്നതിന് യോഗം വിളിച്ച് കൂട്ടാനും ഡിസ്പാക് തീരുമാനിച്ചു. മുസ്തഫ തലശ്ശേരിക്കും റെജി പീറ്ററിനുമുള്ള ഉപഹാരം ഡിസ്പാക് പ്രസിഡന്റ് ഷഫീക് സികെ നൽകി. ഡിസ്പാക് ഭാരവാഹികളായ അഷ്‌റഫ് ആലുവ, ഷമീം കാട്ടാകട, താജു അയ്യാരിൽ, നജീബ് അരഞ്ഞിക്കൽ, സാദിഖ് അയ്യാലിൽ, മുജീബ് കളത്തിൽ, അബ്ദുൽ സലാം, അസ്‌ലം ഫറോക് എന്നിവർ ആശംസകൾ നേർന്നു.