ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുന:സ്ഥാപിക്കില്ല: രവിശങ്കര്‍ പ്രസാദ്

ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുന:സ്ഥാപിക്കില്ലെന്ന് കേന്ദ്ര നിയമ വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്. മെഹ്ബൂബ മുഫ്തിയുടെ ആവശ്യത്തിനു പിന്നാലെയാണ് രവിശങ്കര്‍ പ്രസാദിന്റെ മറുപടി. ജമ്മു കശ്മീരിനെ പഴയ നിലയിലേക്കു തന്നെ കൊണ്ടുവരണമെന്നായിരുന്നു പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടിരുന്നത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
കശ്മീരിന്റെ പ്രത്യേക പദവി പുന:സ്ഥാപിക്കുംവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോ, ദേശീയ പതാക പിടിക്കുന്നതിനോ താല്‍പര്യമില്ലെന്ന് കഴിഞ്ഞ ദിവസം മെഹ്ബൂബ മുഫ്തി പറഞ്ഞിരുന്നു. ഒരു വര്‍ഷത്തിലധികം നീണ്ട തടവിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് മെഹ്ബൂബയെ മോചിതയായത്.
കശ്മീരിന്റെ പഴയ പതാക തിരികെ കൊണ്ടുവരണമെന്ന മെഹ്ബൂബയുടെ നിലപാട് ദേശീയപതാകയെ ആക്ഷേപിക്കുന്നതാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കൃത്യമായ ഭരണഘടനാ പ്രക്രിയയ്ക്കു ശേഷമാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത്.
പാര്‍ലമെന്റിന്റെ രണ്ട് സഭകളും ഭൂരിപക്ഷത്തോടെ ഇത് അംഗീകരിക്കുകയും ചെയ്തതാണ്. ചെറിയ പ്രശ്‌നങ്ങള്‍ക്കു പോലും ബിജെപിയെ വിമര്‍ശിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ ദേശീയപതാകയോട് അനാദരവ് കാണിച്ച മെഹ്ബൂബയ്‌ക്കെതിരെ ഒന്നും മിണ്ടുന്നില്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.






