ഉത്തരേന്ത്യന്‍ ശൈലിയിലേക്ക് ഭരണം മാറ്റാനാവില്ലെന്ന് ഘടകകക്ഷി മന്ത്രിമാര്‍

ഹരിത ഉമാമഹേശ്വരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരുടെ വകുപ്പും സെക്രട്ടറിമാരുടെയും ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്തങ്ങള്‍ എന്നിവ നിര്‍വ്വചിക്കുന്ന റൂള്‍സ് ഓഫ് ബിസിനസ് ഭേഗതിക്കെതിരെ വീണ്ടും വിയോജിച്ച് അറിയിച്ച് ഘടകകക്ഷി മന്ത്രിമാര്‍. ഇത് രണ്ടാം തവണയാണ് ശക്തമായി ഘടകകക്ഷി മന്ത്രിമാര്‍ വിയോജിച്ച് അറിയിക്കുന്നത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ചീഫ് സെക്രട്ടറി, മുഖ്യമന്ത്രി എന്നിവരിലേക്കു കൂടുതല്‍ അധികാരം ഉറപ്പിക്കുന്നതാണ് റൂള്‍സ് ഓഫ് ബിസിനസ് ഭേഗതി. ഉത്തരേന്ത്യന്‍ ശൈലിയില്‍ ഭരണം മാറ്റാനാവില്ലെന്ന് മന്ത്രിസഭാ ഉപസമിതിയില്‍ ഘടകകക്ഷി മന്ത്രിമാര്‍ അഭിപ്രായം അറിയിച്ചു. തുടര്‍ന്ന് മന്ത്രിമാരുടെ വിയോജനക്കുറിപ്പോടെ ഉപസമിതി റിപ്പോര്‍ട്ട് നവംബര്‍ നാലിന് മുഖ്യമന്ത്രിക്ക് കൈമാറും.
റൂള്‍സ് ഓഫ് ബിസിനസ് ഭേഗതി മന്ത്രിമാരെ നോക്കുകുത്തികളാക്കുന്നതാണെന്ന് ഘടകകക്ഷി മന്ത്രിമാര്‍ ഉപസമിതിയോഗത്തില്‍ തുറന്നടിച്ചതോടെയാണു സര്‍ക്കാര്‍ നീക്കം മെല്ലെയായത്.

കാലാനുസൃതമായ സാങ്കേതിക മാറ്റങ്ങള്‍ വേണമെന്നാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ നിലപാട്. റൂള്‍സ് ഓഫ് ബിസിനസ് ഭേഗതി ചെയ്യാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള നിര്‍ദേശങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയില്‍ ഘടകകക്ഷി മന്ത്രിമാര്‍ നേരത്തെ തന്നെ കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ധൃതിപിടിച്ച നീക്കങ്ങള്‍ വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയിരുന്നു. മന്ത്രിമാരുടെ അധികാരം വെട്ടി ചുരുക്കുകയും ചീഫ് സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും അധികാരം വര്‍ധിപ്പിക്കുകയുമാണു ലക്ഷ്യമെന്ന വിമര്‍ശനമാണ് ഉയരുന്നത്.