ഇന്ന് വൈകുന്നേരം 6 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും

♠ ഹരിത ഉമാമഹേശ്വരന്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് വൈകുന്നേരം 6 മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. പൗരന്മാര്‍ക്ക് സന്ദേശം കൈമാറുമെന്ന് നരേന്ദ്ര മോദി ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
എന്നാല്‍ മോദി ഏത് വിഷയത്തിലാണ് പൗരന്മാരോട് സംസാരിക്കുക എന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകളൊന്നും അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ മൂന്ന് മാസത്തിന് ശേഷം അമ്പതിനായിരത്തില്‍ താഴെ എത്തി നില്‍ക്കുകയാണ്. ഈ അവസരത്തില്‍ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുന്നു എന്നായിരിക്കുമൊ മോദിയുടെ പ്രസംഗം എന്ന് ഊഹിക്കപ്പെടുന്നവരുണ്ട്.
മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ ഒരു മാസം കൊണ്ട് മാത്രം 26 ലക്ഷം കൊവിഡ് കേസുകള്‍ വരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി മുന്നറിയിപ്പ് നല്‍കിയിരിട്ടുണ്ട്. ഇതും മേദിയുടെ അഭിസംബോധനാ വിഷയമായിരിക്കുമെന്ന് പറയുന്നവരും ഉണ്ട്.
24 മണിക്കൂറിനിടെ 46,791 കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതിനകം ഇന്ത്യയില്‍ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 75,97,064 ആയി ഉയര്‍ന്നിട്ടുണ്ട്. 7,48,538 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
അതേസമയം അതിര്‍ത്തിയില്‍ ചൈനയുമായി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഇന്നത്തെ സന്ദേശം ഇതുമായി ബന്ധപ്പെട്ടതാകാനും സാധ്യത കല്‍പിക്കുന്നവരും ഉണ്ട്. കഴിഞ്ഞദിവസം ലഡാഖില്‍ യഥാര്‍ഥ നിയന്ത്രണ രേഖയ്ക്കപ്പുറം ഇന്ത്യന്‍ പ്രദേശത്തു കടന്ന ചൈനീസ് സൈനികനെ ഇന്ത്യ പിടികൂടിയിരുന്നു.






