അധ:സ്ഥിതരോടുള്ള പ്രവാചക സമീപനം എക്കാലത്തും മാനവകുലത്തിന് മാതൃക: പി സുരേന്ദ്രന്‍

ജിദ്ദ: അന്ധകാരത്തിലാണ്ടുപോയ ജനതയെ അസാധാരണമായ ജ്ഞാനമാര്‍ഗത്തിലേക്ക് നയിച്ച മഹാവ്യക്തിത്വമാണ് പ്രവാചകന്‍ മുഹമ്മദ് നബിയെന്നും വളരെയധികം പ്രയാസകരമായ ദിനങ്ങളിലൂടെ ലോകം കടന്നുപോവുമ്പോള്‍ പ്രവാചക സന്ദേശം വഴിയും വെളിച്ചവുമാണെന്നും സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ പറഞ്ഞു. ”പ്രവാചകന്റെ വഴിയും വെളിച്ചവും” എന്ന തലക്കെട്ടില്‍ തനിമ സാംസ്‌കാരിക വേദി അഖില സൗദി തലത്തില്‍ നടത്തുന്ന ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

മാനവരാശിയുടെ വിമോചനത്തിന് നിയോഗിക്കപ്പെട്ട പ്രവാചകന്റെ സന്ദേശം ലോകജനതക്കാകമാനമാണ്. അധ:സ്ഥിതരോടുള്ള പ്രവാചകന്റെ സമീപനം എക്കാലത്തേയും മാനവകുലത്തിന് മാതൃകാപരമാണ്. പ്രവാചകന്‍ അടിമയായ ബിലാലിനോട് കാണിച്ച ആദ്രതയും കാരുണ്യവും അദ്ദേഹത്തിന് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. പലിശക്കെതിരെയുള്ള അദ്ദേഹത്തിന്റെ നിലപാട് എടുത്ത് പറയേണ്ടതാണ്. വിവിധ രാജ്യങ്ങള്‍ തമ്മില്‍ അതിര്‍ തര്‍ക്കങ്ങളും മറ്റും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഹുദൈബിയ സന്ധിപോലെയുള്ള പ്രവാചകന്റെ വിട്ടുവീഴ്ച സംഭവങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നും വിട്ടുവീഴ്ചകള്‍ കൊണ്ട് മാത്രമേ ലോകം നിലനില്‍ക്കുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വംശീയതയുടേയും ദേശീയതയുടേയും പേരില്‍ കലഹിക്കുന്ന വര്‍ത്തമാന കാലത്ത് പ്രവാചക സന്ദേശങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നും ജനതക്ക് നന്‍മയുടെയും തിന്മയുടെയും മാര്‍ഗ്ഗങ്ങള്‍ കാണിച്ചു കൊടുക്കാന്‍ നിയോഗിക്കപ്പെട്ട പ്രവാചകനായിരുന്നു മുഹമ്മദ് നബിയെന്നും മാധ്യമം-മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുറഹിമാന്‍ പറഞ്ഞു. പരിപാടിക്ക് ആശംസ അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശാലമായ മാനവികതയാണ് പ്രവാചക സന്ദേശത്തിന്റെ അന്ത:സത്ത. ഏകദൈവവിശ്വാസം മാനവികതയിലേക്ക് നയിക്കുമെന്ന് പ്രവാചകന്‍ തെളിയിച്ചു. അതില്‍ നിന്ന് വ്യതിചലിച്ചാല്‍ അസമാധാനമായിരിക്കും ഫലമെന്ന് സമകാലീന ലോകം ഉദാഹരിച്ച് അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈന്‍ പരിപാടിയില്‍ തനിമ സൗദി പ്രസിഡണ്ട് കെഎം ബഷീര്‍ അധ്യക്ഷത വഹിച്ചു. ക്യാമ്പയിനോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ക്വിസ് മത്സര പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. വെസ്‌റ്റേന്‍ പ്രൊവിന്‍സ് പ്രസിഡണ്ട് എന്‍കെ അബ്ദുല്‍ റഹീം സ്വാഗതവും ക്യാമ്പയിന്‍ കണ്‍വീനര്‍ താജുദ്ധീന്‍ ഓമശ്ശേരി നന്ദിയും പറഞ്ഞു. ഒകേ്ടാബര്‍ 16 മുതല്‍ നവംബര്‍ ആറ് വരെ നീണ്ടു നില്‍ക്കുന്നതാണ് ക്യാമ്പയിന്‍. ക്യാമ്പയിനിന്റെ ഭാഗമായി റിയാദ്, ദമ്മാം, ജിദ്ദ പ്രൊവിന്‍സുകളിലായി ഉന്നത വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന വ്യത്യസ്തങ്ങളായ വെബിനാറുകളും മലയാളി സുഹൃത്തുക്കള്‍ക്കായി ആകര്‍ഷമായ സമ്മാനങ്ങളോടെ മെഗാ ക്വിസ് മത്സരവും സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.