ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി വിടവാങ്ങി

ഹരിത ഉമാമഹേശ്വരന്‍

തൃശ്ശൂര്‍: ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി 94ാം വയസ്സില്‍ വിടവാങ്ങി. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിരിക്കെ ഇന്ന് പുലര്‍ച്ചെ 7.55 നായിരുന്നു അന്ത്യം. എട്ടു പതിറ്റാണ്ട് നീണ്ട കാവ്യ ജീവിതത്തിനാണ് അദ്ദേഹത്തിന്റെ വിയോഗത്തോടെ അവസ്സാനമായിരിക്കുന്നത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. സംസ്‌കാരം ഔദ്യോഗിക ബഹുമതികേളാടെ വൈകീട്ട് വീട്ടുവളപ്പില്‍ നടക്കും.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

1926 മാര്‍ച്ച് 18ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലെ അമേറ്റൂര്‍ അക്കിത്തത്ത് മനയിലായിരുന്നു ജനനം. അക്കിത്തത്ത് വാസുദേവന്‍ നമ്പൂതിരിയാണ് പിതാവ്. ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജനം മാതാവ്.

സംസ്‌കൃതത്തിലും സംഗീതത്തിലും ജ്യോതിഷത്തിലും ചെറുപ്പത്തില്‍ തന്നെ അവഗാഹം നേടിയിരുന്നു. 1946 മുതല്‍ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി. ഉണ്ണിനമ്പൂതിരിയിലൂടെ സമുദായ പ്രവര്‍ത്തനത്തിലെത്തി. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായും പ്രവര്‍ത്തിച്ചു. 1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ചു. 1975ല്‍ ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററായിരുന്നു. 1985ല്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചു.

46 ഓളം കൃതികള്‍ മഹാകവി അക്കിത്തത്തിന്റെ സംഭാവനയായി കൈരളിക്ക് ലഭിച്ചിട്ടുണ്ട്. ഇവയില്‍ കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളും ഉള്‍പ്പെടും. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഭാഗവതം, നിമിഷ ക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, ബലിദര്‍ശനം, മനസ്സാക്ഷിയുടെ പൂക്കള്‍, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍, നിമിഷ ക്ഷേത്രം, പഞ്ചവര്‍ണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ, ഇടിഞ്ഞു പൊളിഞ്ഞ ലോകം, സ്പര്‍ശമണികള്‍, അഞ്ചു നാടോടിപ്പാട്ടുകള്‍, മാനസപൂജ, ഉപനയനം, സമാവര്‍ത്തനം തുടങ്ങിയവ പ്രധാന കൃതികള്‍.

കഴിഞ്ഞ മാസം അവസാനമാണ് അദ്ദേഹത്തിന് ജ്ഞാനപീഠം പുരസ്‌കാരം സമ്മാനിച്ചത്. അക്കിത്തത്തിന്റെ വസതിയായ ദേവായനത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരുന്നു ചടങ്ങ് നടത്തിയത്.

2019 ലെ മലയാളത്തിന്റെ മഹാകവിയെ തേടിയെത്തുകയായിരുന്നു. അതോടെ ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളി എഴുത്തുകാരനുമായി അക്കിത്തം മാറി. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, സഞ്ജയന്‍ പുരസ്‌കാരം, പത്മപ്രഭ പുരസ്‌കാരം, അമൃതകീര്‍ത്തി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, എഴുത്തണ്ണന്‍ പുരസ്‌കാരം, പത്മശ്രീ പുരസ്‌കാരം, മൂര്‍ത്തിദേവി പുരസ്‌കാരം തുടങ്ങിയവ മഹാകവി അക്കിത്തത്തിന് ലഭിച്ച പുരസ്‌ക്കാരങ്ങളില്‍ ചിലതാണ്.