രണ്ടാം ഘട്ടത്തില്‍ 2,50,000 പേരെ ഉംറ ചെയ്യുവാന്‍ അനുവദിക്കും

ഒക്‌ടോബര്‍ 18 മുതല്‍ രണ്ടാംഘട്ടം തുടങ്ങും.

♠ ജെ.പി

റിയാദ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഉംറ തീര്‍ത്ഥാടനം ക്രമേണ പുനരാരംഭിച്ചു തുടങ്ങിയശേഷമുള്ള രണ്ടാംഘട്ടത്തില്‍ അടുത്ത ഞായറാഴ്ച, ഒക്‌ടോബര്‍ 18 മുതല്‍ കൂടുതല്‍ പേര്‍ക്ക് ഉംറ ചെയ്യുവാനുള്ള അവസരം ലഭിക്കും. രണ്ടാം ഘട്ടത്തില്‍ 250,000 ആഭ്യന്തര തീര്‍ത്ഥാടകരെയായിരിക്കും ഉംറ നിര്‍വ്വഹിക്കാന്‍ അനുവദിക്കുക.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഒകേ്ടാബര്‍ 18 മുതല്‍ മദീനയിലെ പ്രവാചക പള്ളിയിലെ റൗള ഷെരീഫു,ം പഴയ പ്രവാചക പള്ളിയുടെ ഭാഗവും സന്ദര്‍ശിക്കുവാന്‍ വിശ്വാസികളെ അനുവദിക്കും. വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനക്കായി പ്രവാചക പള്ളിയുടെ മുറ്റം കഴിഞ്ഞ മെയ് 31 മുതല്‍ തുറന്നുകൊടുത്തിരുന്നു.

6,00000 ത്തിലധികം വിശ്വാസികള്‍ക്ക് ഹറം പള്ളിയില്‍ പ്രാര്‍ത്ഥന നടത്തുവാനും അതോടൊപ്പം 2,50,000 വിശ്വാസികള്‍ക്ക് ഉംറ കര്‍മ്മം ചെയ്യുവാനും ഒക്‌ടോബര്‍ 18 ഞായറാഴ്ച മുതല്‍ സാധിക്കുമെന്ന് ഹജജ്, ഉംറ ദേശീയ സമിതി അംഗം ഹാനി അല്‍-ഒമൈരി പറഞ്ഞു. ഉംറ നിര്‍വ്വഹിക്കുവാന്‍ ആഗ്രഹിക്കുന്നവരും ഹറം പള്ളിയും പ്രവാചകന്‍ മുഹമ്മദ് നബി അന്ത്യവിശ്രമം കൊള്ളുന്നതടക്കമുള്ള നൗളാ ശെരീഫ് സന്ദര്‍ശിക്കുവാനാഗ്രഹിക്കുന്നവരും അനുമതിക്കായി ഇതമര്‍നാ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണ്ടണമെന്ന് ഹാനി അല്‍-ഒമൈരി കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ സ്വദേശികളും വിദേശികളുമായ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കാണ് ഉംറയ്ക്കും മദീന സിയാറക്കും അനുമതിയുള്ളതെങ്കില്‍ നവംബര്‍ 1 മുതല്‍ ആരംഭിക്കുന്ന മൂന്നാം ഘട്ടത്തില്‍ വിദേശ രാജ്യങ്ങളില്‍നിന്നുള്ള തീര്‍ഥാടകര്‍ക്കും ഉംറ നിര്‍വഹിക്കാനും മദീനയില്‍ റൗള സന്ദര്‍ശിക്കാനും അനുവാദമുണ്ടായിരിക്കും.

വിവിധ രാജ്യങ്ങളില്‍ കൊറോണ വൈറസ് പകര്‍ച്ചവ്യാഥിയുള്ളതിന്റെ പശ്ചാത്തലത്തില്‍ എത്ര രാജ്യങ്ങള്‍ ഉംറ കര്‍മ്മത്തിന് തീര്‍ത്ഥാടകരെ അയക്കുവാന്‍ അനുവദിക്കുമെന്ന് ഇപ്പോള്‍ വ്യക്തമല്ലെന്ന് സൗദി സൊസൈറ്റി ഫോര്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം അംഗം കൂടിയായ അല്‍ ഒമൈരി ആശങ്ക പങ്ക്‌വെച്ചു. എന്നാല്‍ മൂന്നാം ഘട്ടം മുതല്‍ തീര്‍ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ വിശദാംശങ്ങള്‍ അധികൃതര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസിനെതിരായ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി രണ്ട് ഉംറ തീര്‍ഥാടകരെ മാത്രമേ ഒരു മുറിയില്‍ താമസിക്കാന്‍ അനുവദിക്കുകയുള്ളു. കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് ഒരു മുറിയില്‍ താമസിക്കാന്‍ അനുവദിക്കില്ല. ശേഷിയുടെ 40 ശതമാനത്തില്‍ കൂടാത്ത ബസുകള്‍ സര്‍വീസ് നടത്താന്‍ അനുവദിക്കുന്ന ഒരു സംവിധാനം തയ്യാറാക്കിയിട്ടുണ്ടെന്ന് അല്‍ ഒമൈരി അഭിപ്രായപ്പെട്ടു.

ഒക്‌ടോബര്‍ 4നായിരുന്നു ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഹജജ് ഉംറ മന്ത്രാലയം ആദ്യഘട്ടത്തില്‍ ഉംറ കര്‍മ്മത്തിന് അനുമതി നല്‍കിയിരുന്നത്. സര്‍ക്കാര്‍ ഏജന്‍സികള്‍ വികസിപ്പിച്ച പദ്ധതി പ്രകാരം, ഉംറ പുനരാരംഭിച്ച ആദ്യ ഘട്ടത്തില്‍ പ്രതിദിനം 6,000 പേര്‍ക്ക് എന്നതോതില്‍ ഒരു ഗ്രുപ്പില്‍ 1000 ല്‍ കൂടാത്ത തീര്‍ത്ഥാട സംഘത്തിനായിരുന്നു ഉംറ കര്‍മ്മത്തിന് അനുമതി നല്‍കിയിരുന്നത്. കൂടാതെ ഓരോ ബാച്ചിനും ഉംറ അനുഷ്ഠാനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മൂന്ന് മണിക്കൂറായിരുന്നു അനുവദിച്ചിരുന്നത്.
മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായി ഹറം പള്ളി എല്ലാ ദിവസവും 10 തവണ അണു നശീകരണം നടത്താറുണ്ട്. വിശ്വാസികള്‍ കര്‍മ്മങ്ങള്‍ക്കായി പള്ളിയില്‍ പ്രവേശിക്കുന്നതിന് മുമ്പും ഓരോ തീര്‍ത്ഥാടക സംഘവും കര്‍മ്മക്കള്‍ ചെയ്ത ശേഷവുമാണ് അണുനശീകരണം നടത്താറുള്ളത്. സംസം തീര്‍ത്ഥജലം തീര്‍ഥാടകര്‍ക്ക് പാക്ക് ചെയ്ത കുപ്പികളിലാക്കിയാണ് വിതരണം ചെയ്യാറുള്ളതും.
വിശുദ്ധ കഅബയുടെ തൊട്ടടുത്തേക്കും ഹജറുല്‍ അസ്ദവ് എന്ന കറുത്ത ശിലക്കരികിലേക്കും വിശ്വാസികള്‍ എത്തുന്നത് തടയാന്‍ ബാരിക്കേഡ് തീര്‍ത്തിട്ടുണ്ട്. മാതാഫില്‍ കഅബയ്ക്ക് ചുറ്റും സ്ഥാപിച്ച താല്‍ക്കാലിക ബാരിക്കേഡിന് പുറത്താണ് തവാഫ് എന്ന കഅബയ്ക്ക് ചുറ്റുമുള്ള പ്രദക്ഷിണം നടത്തുവാന്‍ അനുമതിയുള്ളത്. തീര്‍ഥാടകരെ സേവിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘം സന്നദ്ധരായുണ്ട്. തീര്‍ഥാടകര്‍ക്കിടയില്‍ കൊറോണ വൈറസ് കേസുകള്‍ ഉണ്ടെന്ന് കണ്ടെത്തുകയൊ സംശയിക്കുകയൊ ചെയ്താല്‍ അവരെ മാറ്റിനിര്‍ത്താന്‍ പ്രത്യേക സ്ഥലവും സജജീകരിച്ചിട്ടുണ്ട്.