ഫാസിസ്റ്റ് അക്രമണങ്ങളില്‍നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ ഗാന്ധിയന്‍ മൂല്യങ്ങള്‍ക്കേ കഴിയൂ

ദമ്മാം: ഇന്ത്യയിലെ ഭരണാധികാരികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും ഏകാധിപത്യത്തില്‍ പ്രചോദിതരായ സവര്‍ണ ഫാസിസ്റ്റുകള്‍ നടത്തുന്ന അക്രമണങ്ങളില്‍നിന്നും വര്‍ത്തമാന ഇന്ത്യയെ രക്ഷിക്കാന്‍ ഗാന്ധിയന്‍ മൂല്യങ്ങള്‍ക്കേ കഴിയൂ എന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് (ഐഒസി) സംഘടിപ്പിച്ച ഗാന്ധി ജയന്തി ദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത മേഖലയിലെ പ്രമുഖര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് അല്‍ ഖോബാറില്‍ വെച്ച് നടത്തിയ ഗാന്ധി ജയന്തി ദിനാഘോഷം പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായ സയ്യദ് അബ്ദുള്ള റിസ്‌വി ഉദ്ഘാടനം ചെയ്തു. ചടങ്ങിന് ഐഒസി സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അല്‍ അര്‍ക്കാന്‍ അധ്യക്ഷത വഹിച്ചു.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് ചാര്‍ജുള്ള എഐസിസി സെക്രട്ടറി ഹിമാന്‍ഷ്യു വ്യാസ്, ഐഒസി സെക്രട്ടറി ഡോ. ആരതികൃഷണ എന്നിവരുടെ ഗാന്ധി ജയന്തി സന്ദേശങ്ങളും യോഗത്തില്‍ പങ്കുവെക്കപ്പെട്ടു.
ഗാന്ധിയന്‍ ആശയങ്ങളെ ഇല്ലായ്മ ചെയ്യാനാണ് ഗോഡ്‌സെയും ഗോഡ്‌സെയുടെ പിറകിലുള്ള ശക്തികളും ശ്രമിച്ചത് എന്ന് യോഗം ഉദ്ഘാടനം ചെയ്ത സയ്യദ് അബ്ദുള്ള റിസ്‌വി അഭിപ്രായപ്പെട്ടു. ഗാന്ധിയെ വധിക്കുന്നതിലൂടെ ഗാന്ധിയന്‍ ആശയങ്ങളെ ഇല്ലായ്മചെയ്യാന്‍ കഴിയുകയില്ല. വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ ഗാന്ധിയന്‍ ആശയങ്ങള്‍ സംരക്ഷിക്കേണ്ടത് എന്റെയും നിങ്ങളുടെയും നമ്മളോരോ ഇന്ത്യക്കാരന്റെയും കടമയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
കോവിഡ് മഹാമാരിയില്‍ രാഷ്ട്രം വിറങ്ങലിച്ചു നില്‍കുമ്പോള്‍ കൂടിയ ലോകസഭാ സമ്മേളനങ്ങളില്‍ വേണ്ടത്ര ചര്‍ച്ചകള്‍ കൂടാതെ പാസ്സാക്കിയ കര്‍ഷക ബില്ലിനും അതൊടാനുബന്ധിച്ച് അരങ്ങേറിക്കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെ അക്രമങ്ങള്‍ അഴിച്ചുവിട്ട് ഈ സര്‍ക്കാര്‍ നേരിട്ടതിനും രാജ്യം സാക്ഷിയാകേണ്ടി വന്നു. കര്‍ഷകവിരുദ്ധമായ ഈ നിയമങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്താകമാനം പ്രതിക്ഷേധങ്ങള്‍ ഉയരുമ്പോള്‍ അതിനെ മാനിക്കാതെ ബിജെപി സര്‍ക്കാരുകള്‍ മുന്നോട്ട് പോകുമ്പോള്‍ ഉത്തര്‍പ്രദേശിലെ ഹാത്രയില്‍ അരങ്ങേറിയ മൃഗീയവും പൈശാചികവുമായ കൊലപാതകവും അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ജനതയെ വലിയ ഭീതിയിലാഴ്ത്തിയിരിക്കുന്നു.
ഗാന്ധിജയന്തി ദിനത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഡോ. ശശിതരൂരടക്കമുള്ള കോണ്‍ഗ്രസ്സ് എംപിമാരുടെ നേതൃത്വത്തില്‍ ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു സമാധാനപരമായി ഉത്തര്‍ പ്രദേശിലെ ഹത്രയില്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി പൈശാചികമായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ വീട്ടിലേക്ക് യാത്ര നടത്തിയപ്പോള്‍ അവരെ പ്രതിരോധിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഒടുവില്‍ അവരുടെ മുന്നില്‍ മുട്ടുമടക്കേണ്ടിവന്നതും ഗാന്ധിയന്‍ മൂല്യങ്ങളുടെ പ്രസക്തി ഒരിക്കല്‍ക്കൂടി നമ്മെ ബോധ്യപ്പെടുത്തുന്നു എന്ന് ഐഒസി മീഡിയ ആന്‍ഡ് കമ്മ്യുണിക്കേഷന്‍ സെക്രട്ടറി ഫൈസല്‍ ഷെരീഫ് പറഞ്ഞു.
ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരും, സംസ്ഥാനസര്‍ക്കാരും മനപ്പൂര്‍വ്വം ഗാന്ധിയെയും ഗാന്ധിയന്‍ ചിന്തകളെയും അടയാളങ്ങളെയും തിരസ്‌കരിക്കുകയും ചരിത്രസത്യങ്ങളെ വളച്ചൊടിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ഗാന്ധിയന്‍ ഉത്പന്നമായ ഖാദിവസ്ത്രങ്ങളുടെ ഉറവിടവും സാധ്യതയും തേടി പോകുന്ന ഒരു സ്ത്രീയിലൂടെ ഒരു ക്യാപിറ്റലിസ്റ്റ് സാമ്പത്തീക വ്യവസ്ഥയെ എങ്ങിനെ പ്രതിരോധിക്കാമെന്നതിന്റെ നേര്‍ചിത്രം വരച്ചുകാട്ടുന്ന ”മഹാത്മാഗാന്ധി റോഡ്” എന്ന ഹൃസ്വ ചിത്രം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
ന്യുയോര്‍ക്ക് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള അവാര്‍ഡ് ലഭിച്ച സിനിമാ സംവിധായകന്‍ ശരത് സംവിധാനം ചെയ്തു ഐഒസി മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ മന്‍സൂര്‍ പള്ളൂര്‍ നിര്‍മിച്ച ഈ ചിത്രം നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്.
യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ മുന്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ സുനില്‍ മുഹമ്മദ് പ്രളയകാലത്ത് എറണാകുളം ജില്ലയിലെ ചേന്നമംഗലം എന്ന കൈത്തറി ഗ്രാമം വെള്ളം കയറി പൂര്‍ണ്ണമായും നശിച്ചതും പിന്നീട് സഹൃദയരായ നാട്ടുകാരുടയും താനടക്കമുള്ള പ്രവാസികളുടെയും നേതൃത്വത്തില്‍ അത് പുനരുദ്ധരിച്ചതും പങ്കുവെച്ചുകൊണ്ട് ഓരോ ഗ്രാമീണ വ്യവസായങ്ങളും ഗ്രാമങ്ങളെ സ്വയം പര്യാപ്തമാക്കുന്നതില്‍ എത്രത്തോളം പങ്കുവഹിക്കുന്നു എന്ന് വ്യക്തമാക്കുന്നു എന്ന് സദസ്സിനെ ഓര്‍മപ്പെടുത്തി.
ഗാന്ധിജി മുന്നോട്ടുവെച്ച ഗ്രാമസ്വരാജ് ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ ബിജെപി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കര്‍ഷ ബില്ലിനെയും മുതലാളിത്തത്തെയും ചെറുത്ത് തോല്‍പിക്കാന്‍ കഴിയുകയുള്ളു എന്ന് അഡ്വ. അയ്മന്‍ അഭിപ്രായപ്പെട്ടു. ഗാന്ധിയന്‍ മൂല്യങ്ങള്‍ ഇല്ലാത്ത ഇന്ത്യ മൃഗീയമാണെന്നും ഹത്ര സംഭവത്തെ ഉദ്ധരിച്ചു കൊണ്ട് അയ്മന്‍ ഓര്‍മിപ്പിച്ചു.
യോഗത്തിന് ആശംസകളറിയിച്ച സാമൂഹികപ്രവര്‍ത്തകയും ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയുമായ കദീജ ടീച്ചര്‍ മഹാത്മാഗാന്ധി റോഡ് എന്ന ഹൃസ്വചിത്രം വരും തലമുറക്കുള്ള ഒരു വഴികാട്ടിയാണെന്നും ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ഇനിയും ഉണ്ടാകേണ്ടതിന്റെ പ്രസക്തിയും വര്‍ത്തമാന ഇന്ത്യയെ ചൂണ്ടിക്കാട്ടി അവര്‍ ഓര്‍മിപ്പിച്ചു.
ചടങ്ങില്‍ ഐഒസി മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ മന്‍സൂര്‍ പള്ളൂര്‍ ഒഐസിസി സൗദി നാഷണല്‍ പ്രസിഡണ്ട് പിഎം നജീബ്, ആല്‍ബിന്‍ ജോസഫ്, ഐഒസി നേതാക്കളായ നിഹാല്‍, ഇക്ബാല്‍ കോവൂര്‍ കര്‍ണാടക, ഹസ്‌നൈന്‍ ഉത്തര്‍പ്രദേശ്, അബ്ദുള്‍ സത്താര്‍ തമിഴ്‌നാട് എന്നിവരും സംബന്ധിച്ചു.






