ശരിയായ വിദ്യാഭ്യാസം നേടിയവര്‍ക്ക് ഒരിക്കലും തീവ്രവാദികളും വര്‍ഗ്ഗിയ വാദികളുമാവാന്‍ കഴിയില്ല: മാര്‍. ജോസഫ് പാംപ്‌ളാനി

തലശേരി: ശരിയായ വിദ്യാഭ്യാസം നേടിയവര്‍ക്ക് ഒരിക്കലും തീവ്രവാദികളും വര്‍ഗ്ഗീയ വാദികളുമാവാന്‍ കഴിയില്ലെന്നും അവര്‍ നന്മയുള്ളവരായിരിക്കുമെന്നും തലശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍. ജോസഫ് പാംപ്‌ളാനി. മികച്ച പഠന നിലവാരം പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് തലശ്ശേരി ജേസീസ് ഏര്‍പ്പെടുത്തിയ എസ്ആര്‍പൈ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു നാടിനെ നന്നാക്കാന്‍ മനുഷ്യരെ വിദ്യാഭ്യാസമുള്ളവരാക്കി മാറ്റുകയാണ് ക്രൈസ്തവ സഭ ചെയ്തത്. ശരിയായ വിദ്യാഭ്യാസം ലഭിച്ചാല്‍ മാത്രമേ സമൂഹം വളരുകയുള്ളൂ. പണമില്ലായെന്നതിന്റെ പേരില്‍ ഒരാളുടെയും വിദ്യഭ്യാസം മുടങ്ങരുതെന്ന് ആഗ്രഹിക്കുന്ന സമൂഹമാണ് കേരളത്തിലുള്ളത്. സഹായങ്ങള്‍ അര്‍ഹിക്കുന്നവര്‍ക്ക് അര്‍ഹിക്കുന്ന സമയത്ത് ലഭിക്കണം.

വിദ്യാഭ്യാസത്തിലൂടെ മാത്രമേ ദേശീയോത്ഗ്രഥനം സാധ്യമാവൂ എന്ന മഹാത്മജിയുടെ വാക്കുകള്‍ നാം എപ്പോഴും ഓര്‍ക്കണം. സഹോദര മതസ്ഥരോട് സ്‌നേഹത്തോടെയും സൗഹാര്‍ദ്ദത്തോടെയും ഇടപഴകാന്‍ നല്ല രീതിയിലുള്ള വിദ്യാഭ്യാസം ഉപകരിക്കും. ”വിദ്യാഭ്യാസത്തിന് നവീന മുഖമാണ് ക്രൈസ്തവ സഭ നല്‍കുന്നത്. നന്മയുടെയും അംഗീകാരത്തിന്റെയും മുദ്രകളാണ് ജേസി ഐ നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍. ഇതിനുള്ള പ്രതിഫലം നിങ്ങളില്‍ നിന്നും തിരിച്ചു കിട്ടേണ്ടത് വരും തലമുറക്കും സമൂഹത്തിനുമാണെന്ന് ബിഷപ്പ് തുടര്‍ന്നു പറഞ്ഞു. ജേസിഐ മുന്‍ പ്രസിഡണ്ട് അനുപ് കേളോത്ത് അധ്യക്ഷത വഹിച്ചു. പ്രസ്സ് ഫോറം പ്രസിഡണ്ട് നവാസ് മേത്തര്‍, സാജിത എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

മികച്ച പഠന നിലവാരം പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് തലശ്ശേരി ജേസീസ് ഏര്‍പ്പെടുത്തിയ എസ്ആര്‍പൈ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പുകള്‍ തലശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍. ജോസഫ് പാംപ്‌ളാനി വിതരണം ചെയ്യുന്നു.