ഉംറ വീണ്ടും തുടങ്ങുന്നു; പുതിയ നിര്‍ദ്ദേശങ്ങളും നിബന്ധനകളും സമര്‍പിച്ചു

♠ ജെ.പി
മക്ക: കൊറോണ പാന്‍ഡെമികിന്റെ പശ്ചാത്തലത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് നിര്‍ത്തിവെച്ച വിശുദ്ധ ഉംറ കര്‍മ്മം വീണ്ടും തുടങ്ങുവാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി ഔദ്യോഗീക വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഇതിന്റെ ഭാഗമായി ഹജജ് ഉംറ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ഇരു ഹറം ഭരണ വിഭാഗം, പൊതു സുരക്ഷാ വിഭാഗം തുടങ്ങിയ ഗവണ്‍മെന്റ് വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികള്‍ ചേര്‍ന്ന് ഒരു സമിതിക്ക് രൂപം നല്‍കിയതായും, ഈ സമിതി ഉംറ തുടങ്ങുന്നതിനായി പുതിയ സാഹചര്യത്തിന് അനുയോജ്യമായ നിര്‍ദ്ദേശങ്ങളും നിബന്ധനകളും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യുമെന്നും ഔദ്യോഗീക വൃത്തങ്ങള്‍ വ്യക്തമാക്കി.
സമിതി സമര്‍പ്പിച്ച പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്:
തുടക്കത്തില്‍ ആഭ്യന്തര ഉംറ തുടങ്ങുക, ശേഷം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരെ സ്വീകരിക്കുക, ഉംറക്ക് വരുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുക, തീര്‍ത്ഥാടകര്‍ക്ക് നിശ്ചിത ഷെഡ്യൂള്‍ തയ്യാറാക്കുക, ഓരോ ഉംറ സംഘത്തിനും പ്രത്യേകം സമയങ്ങള്‍ നല്‍കുക, ഉംറ നിര്‍വ്വഹിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിന് പ്രത്യേകമായി മൊബൈല്‍ ആപ്‌ളിക്കേഷനുകള്‍, ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ എന്നിവ തയ്യാറാക്കുക തുടങ്ങിയയാണ് അതില്‍ പ്രധാന നിര്‍ദ്ദേശങ്ങള്‍.
കൂടാതെ ഉംറക്ക് വരുന്ന തീര്‍ത്ഥാടകര്‍ കൊറോണ വൈറസ് മുക്തരാണെന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. അതോടൊപ്പം ഇക്കഴിഞ്ഞ ഹജജ് വേളയില്‍ സ്വീകരിച്ച പ്രോട്ടോക്കോളിന് സമാനമായ പ്രോട്ടോക്കോളുകള്‍ ക്രമീകരിക്കുന്നതിനും നിര്‍ദ്ദേശമുണ്ട്.






