മുജീബ് കളത്തില്‍ ഡിഫ പ്രസിഡന്റ്

♠ ജെ. പി

ദമാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി ഫുട്‌ബോള്‍ ക്ലബുകളുടെ കൂട്ടായ്മയായ ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) പ്രസിഡന്റായി മുജീബ് കളത്തില്‍ നിയമിതനായി. നിലവിലെ പ്രസിഡന്റ് ഡോ: അബ്ദുസലാം കണ്ണിയന്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത് മൂലമാണ് മുജീബ് കളത്തില്‍ ഡിഫയുടെ പ്രസിഡന്റായി നിയമിതനായത്. ഇതുവരെ സംഘടനയുടെ ആക്ടിങ് പ്രസിഡന്റ് സ്ഥാനം വഹിക്കുകയായിരുന്നു.

നേരെത്തെ നാലു വര്‍ഷകാലം ഡിഫയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്. ദമാമിലെ മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ മുജീബ് കളത്തില്‍ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മയായ ദമാം ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പാരന്റ്‌സ് അസോസിയേഷന്റെ വൈസ്. പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നുണ്ട്. മലപ്പുറം ജില്ലയിലെ വാഴക്കാട് മുണ്ടുമുഴി സ്വദേശിയാണ്.

അല്‍കോബാര്‍ വെല്‍കം റസ്റ്റാറന്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഡിഫ ഭാരവാഹികളുടെയും ടെക്‌നിക്കല്‍, വെല്‍ഫെയര്‍ കമ്മറ്റിയുടെയും യോഗത്തില്‍ ഡിഫ ചെയര്‍മാന്‍ വില്‍ഫ്രഡ് ആന്‍ഡ്‌റൂസ് അധ്യക്ഷത വഹിച്ചു. കോവിഡ് മഹാമാരി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കായി ഡിഫക്ക് കീഴില്‍ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിച്ചതായും അസുഖ ബാധിതര്‍ക്ക് സഹായം എത്തിക്കാനും ചെയ്തതുമായി ബന്ധപ്പെട്ട് യോഗത്തില്‍ വെല്‍ഫെയര്‍ കമ്മറ്റി അംഗങ്ങള്‍ വിശദീകരിച്ചു. ഡിഫയില്‍ നിന്നുള്ള 2019-2020 വര്‍ഷത്തെ മികച്ച കളിക്കാരെ തെരഞ്ഞെടുക്കുവാന്‍ ടെക്‌നിക്കല്‍ കമ്മറ്റിയെ ചുമതലപ്പെടുത്തി.
ഡിഫ ഭാരവാഹികളായ ഷനൂബ് കൊണ്ടോട്ടി, അഷ്‌റഫ് എടവണ്ണ, റഷീദ് മാളിയേക്കല്‍, ടെക്‌നിക്കല്‍ കമ്മറ്റി ചെയര്‍മാന്‍ സകീര്‍ വള്ളക്കടവ്, വെല്‍ഫെയര്‍ കമ്മറ്റി കണ്‍വീനര്‍ ജൗഹര്‍ കുനിയില്‍, റിയാസ് പട്ടാമ്പി, ആശി നെല്ലിക്കുന്ന്, അഫ്താബ് മുഹമ്മദ്, ഷുക്കൂര്‍ ആലിക്കല്‍, ഷറഫ് ചെറുവാടി, ഖലീല്‍ പൊന്നാനി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.