സൗദിയിലെ കോണ്‍ട്രാക്റ്റിംഗ് മേഖലകളില്‍ സ്വദേശിവല്‍ക്കരണതോത് ഉയര്‍ത്തുന്നു

റിയാദ്: സൗദി അറേബ്യയില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ട്രാക്റ്റിംഗ് മേഖലകളില്‍ സ്വദേശിവത്കരണ തോത് ഉയര്‍ത്തുന്നതിനായി തൊഴില്‍ അന്വേഷകര്‍ക്ക് നല്‍കുന്ന ‘തൊഴില്‍ പരിശീലനം’ പരിപാടിയില്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ചു.
തൊഴിലന്വേഷകര്‍ക്ക് ആവശ്യമായ തൊഴില്‍ പരിശീലനം നല്‍കി യോഗ്യരാക്കുന്നതിനും സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ട്രാക്റ്റിംഗ് കമ്പനികളില്‍ നിയമനം നടത്തുന്നതിനുമുള്ള പദ്ധതിക്ക് തുടക്കം കുറിച്ചതായി ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് ഫണ്ടും, സൗദി കോണ്‍ട്രാക്റ്റിംഗ് അതോറിറ്റിയും വ്യക്തമാക്കി.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
കണ്‍സ്‌ട്രേഷന്‍ സൂപ്പര്‍വൈസര്‍, കണ്‍സ്ട്രക്ഷന്‍ ടെക്‌നീഷ്യന്‍, ജനറല്‍ സര്‍വേ ടെക്‌നീഷ്യന്‍, റോഡ് മോണിറ്ററിംഗ് ടെക്‌നീഷ്യന്‍ തുടങ്ങിയ പ്രഫഷനുകളില്‍ തൊഴിലന്വേഷകര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുമെന്നും പരിശീലന പരിപാടികളില്‍ വിജയിക്കുന്നവരെ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളില്‍ നിയമിക്കുമെന്നും അവരുടെ ജോലികളിലുള്ള സ്ഥിരതയും തുടര്‍ച്ചയും നിരീക്ഷിക്കുമെന്നും ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് ഫണ്ട് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് ഫണ്ട്, സൗദി കോണ്‍ട്രാക്റ്റിംഗ് അതോറിറ്റിയുമായി നടത്തിയ കരാറിന്റെ അടിസ്ഥാനത്തിലാണ് തൊഴില്‍ പരിശീലന പദ്ധതിക്ക് രൂപം നല്‍കിയത്. കരാര്‍ മേഖലയിലെ മാനവ സമ്പത്ത് സ്വദേശിവല്‍ക്കരിക്കുക, സൗദി യുവതീയുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക, അവരുടെ നൈപുണ്യ നിലവാരം ഉയര്‍ത്തുക എന്നിവയാണ് പരിശീലന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.






