കൊറോണ: ക്രൂയിസ് കപ്പല്‍ മടങ്ങി

ജിദ്ദ: സൗദി ടുറിസം അതോറിറ്റിക്ക് വേണ്ടി റെഡ് സീ കമ്പനി ഓപ്പറേറ്റ് ചെയ്യുന്ന ക്രൂയിസ് കപ്പല്‍ യാത്ര റാബിഗിലെ കിംഗ് അബ്ദുല്ല എകണോമിക്ക് സിറ്റി പോര്‍ട്ടിലേക്ക് മടങ്ങുന്നു. കപ്പലിലെ ഹെല്‍ത്ത് വിഭാഗം ഒരു കൊറോണ കേസ് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഓഗസ്റ്റ് 27 വ്യാഴാഴ്ച കിംഗ് അബ്ദുുല്ല ഇക്കണോമിക് സിറ്റി തുറമുഖത്ത് നിന്ന് കപ്പല്‍ യാത്ര ചെയ്ത ശേഷമാണ് ഒരാളില്‍ കൊറോണ കണ്ടെത്തിയതെന്ന് റെഡ് സീ കമ്പനി അറിയിച്ചു. ലോകത്തെ ആഢംബര വിനോദ കപ്പലായ ‘സില്‍വര്‍ സ്പിരിറ്റ്’ എന്ന ക്രൂയിസ് കപ്പലിലാണ് കൊറോണ കണ്ടെത്തിയത്.

കൊറോണയുടെ ആദ്യ ലക്ഷണങ്ങള്‍ കണ്ടെത്തിയയുടനെ ആ വ്യക്തിയെ പ്രത്യേക സ്ഥലത്തേക്ക് മാറ്റിയതായും സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച പ്രോട്ടോക്കോളുകള്‍ പ്രകാരം എല്ലാ യാത്രക്കാരെയും സ്വന്തം റൂമുകളില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചതായും കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.

കപ്പലിലുള്ള മുഴുവന്‍ യാത്രക്കാരുടെയും സുരക്ഷയ്ക്കായി, കപ്പല്‍ ശനിയാഴ്ച കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി തുറമുഖത്തേക്ക് മടങ്ങി. തുറമുഖത്ത് ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ധര്‍ സുരക്ഷാ നടപടികള്‍ക്കായി എത്തിയിരുന്നതായും കമ്പനി വ്യക്തമാക്കി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

ആവശ്യമായ ആരോഗ്യ പരിരക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി കൊറോണ കണ്ടെത്തിയ രോഗിയെ ആശുപത്രിയിലേക്ക് മാറ്റി. കൂടാതെ അദ്ദേഹവുമായി സമ്പര്‍ക്കത്തിലായവരെ തിരിച്ചറിഞ്ഞതായും അവരുമായി ഫോളോഅപ്പ് നടത്തിക്കൊണ്ടിരിക്കുകയാണെന്നും റെഡ് സീ കമ്പനി അറിയിച്ചു.