യാംബുവിൽ നിന്ന് കാണാതായ കുടക് സ്വദേശി മരിച്ച നിലയിൽ കണ്ടെത്തി

യാംബു : ഓഗസ്റ്റ് 22 മുതൽ യാംബുവിൽ നിന്ന് കണാതായ കുടക് സ്വദേശിയായ അലി പെരിയന്ത മുഹമ്മദ് (47) എന്ന ആളെ മരിച്ച നിലയിൽ കണ്ടെത്തി. യാംബു ടൊയോട്ട ഭാഗത്തെ പഴയ കെട്ടിടത്തിലെ ഉപയോഗ ശൂന്യമായ ബാത്ത് റൂമിൽ ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

ടൗൺ ഹെറിറ്റേജ് പാർക്കിനടുത്ത് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് സാധാരണ പോലെ വൈകുന്നേരം റൂമിലേക്ക് പോകുകയാണ് എന്ന് പറഞ്ഞിറങ്ങിയ അലിയെ രാത്രി ജോലിക്ക് തിരിച്ചെത്താത്തത് കണ്ടപ്പോൾ മുതൽ ബന്ധുക്കളും സുഹൃത്തുക്കളും അന്യോഷണം ആരംഭിച്ചിരുന്നു. നാട്ടിലേക്കു മടങ്ങാൻ ഫൈനൽ എക്സിറ്റ് അടിച്ച് വിമാന യാത്രക്കുള്ള ഒരുക്കം നടത്തുന്നതിനിടയിലാണ് മരണം സംഭവിച്ചത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

അലിയെ കാണാതായ വാർത്ത ഇതിനകം സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സൗദിയിലെ എല്ലാ ഭാഗത്തും അന്യോഷണം നടത്തിയിരുന്നു. യാംബു ജനറൽ ഹോസ്പിറ്റലിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി യാംബുവിൽ തന്നെ ഖബറടക്കാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കൾ പറഞ്ഞു. യാംബുവിലുള്ള അദ്ദേഹത്തിന്റെ ഭാര്യാ സഹോദരൻ മുഹമ്മദ് കുടകും യാംബു മലയാളി അസോസിയേഷന്റെ സന്നദ്ധ പ്രവർത്തകരും നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.

പിതാവ്: പെരിയന്ത മുഹമ്മദ് ഹാജി. മാതാവ്: ഖദീജ. ഭാര്യ: റഹ്മത്ത്. മക്കൾ: അജ്മൽ, സുഫ്‌യാൻ, സുഹാന. മരുമകൻ: റാസിഖ് അമ്പറ്റ. സഹോദരങ്ങൾ: അബ്ദുല്ല, ഹനീഫ, ഇബ്രാഹീം, മൊയ്തീൻ, സഫിയ, ശരീഫ.