സൗദിയില്‍ ദുരിതത്തിലായ നാല് മലയാളികളെ കെഎംസിസിയുടെ സഹായത്താല്‍ നാട്ടിലെത്തിച്ചു

റിയാദ്: തൊഴില്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിഷമത്തില്‍ കഴിഞ്ഞിരുന്ന 4 പേരെ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിംഗ് നാട്ടിലെത്തിച്ചു. പത്തനംതിട്ട ജില്ലക്കാരായ അരുവിക്കുഴിയില്‍ അനീഷ് കുമാര്‍, അയിരൂര്‍ കാഞ്ഞീറ്റുകര വാഴയില്‍ തോമസ് അലക്‌സാണ്ടര്‍, കോഴിക്കോട് സ്വദേശി നൗഫല്‍ അബ്ദുല്‍ ജബ്ബാര്‍, കണ്ണൂര്‍ സ്വദേശിയായ മറ്റൊരാളെയുമാണ്കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ചത്.

കഴിഞ്ഞ വര്‍ഷം നവമ്പറിലായിരുന്നു അനീഷ് കുമാറും തോമസ് അലക്‌സാണ്ടറും ഡ്രൈവര്‍ വിസയില്‍ റിയാദിലെത്തിയത്. പറഞ്ഞുറപ്പിച്ച ജോലിക്ക് പകരം ഒരാള്‍ക്ക് കൃഷിത്തോട്ടത്തിലും മറ്റൊരാള്‍ക്ക് ഒട്ടക ഫാമിലുമായിരുന്നു ജോലി നല്‍കിയിരുന്നത്. റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിങ്ങിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മരുഭൂമിയിലെ കഠിനമായ കാലാവസ്ഥയില്‍ ഇരുവരും വളരെ പ്രയാസപ്പെട്ടു കഴിയുന്നത് കണ്ടെത്തി. ഭക്ഷണവും ശമ്പളവും കൃത്യമായി ലഭിക്കാതെ വന്നപ്പോഴാണ്ഇരുവരും നാട്ടില്‍ തങ്ങളുടെ ദയനീയാവസ്ഥ അറിയിച്ചത്. തോട്ടപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ടികെ രാമചന്ദ്രന്‍ നായര്‍ വിഷയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ശ്രദ്ധയില്‍പെടുത്തി. ഇതനുസരിച്ച് ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കുകയും റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ ഫെയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിനെ വിഷയത്തിലിടപ്പെടാന്‍ ചുമതപ്പെടുത്തുകയും ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സിപി മുസ്തഫയും, വെല്‍ഫെയര്‍ വിങ്ങ് വളണ്ടിയര്‍മാരായ ഇംഷാദ് മങ്കട, ഉനൈസ് കാളികാവ് എന്നിവരും പ്രശ്‌നത്തിലിടപ്പെട്ടു. നിരന്തര ഇടപ്പെടലുകള്‍ക്കൊടുവില്‍ ഇവര്‍ക്ക് ലഭിക്കാനുള്ള ശമ്പള കുടിശ്ശിക തൊഴിലുടമ നല്‍കാന്‍ തയ്യാറായി. കഴിഞ്ഞ ദിവസം റിയാദില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് ഇരുവരും നാട്ടിലെത്തിയത്. ഇരുവര്‍ക്കുമുള്ള ടിക്കറ്റ് റിയാദിലെ ഒരു സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകരാണ് നല്‍കിയത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

റിയാദില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന കൊല്ലം ചടയമംഗലം കുറിയോട് സ്വദേശി നൗഫല്‍ ഭക്ഷണത്തിന് പോലും പ്രയാസപ്പെടുന്ന അവസ്ഥയിലാണ് വെല്‍ ഫെയര്‍ വിംഗിനെ ബന്ധപ്പെടുന്നത്. വാഹനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്‌പോണ്‍സറുമായി തര്‍ക്കത്തിലായ നൗഫലിന് ഭക്ഷണവും ശമ്പളവുമെല്ലാം നിഷേധിക്കപ്പെട്ടു. കോവിഡ് വ്യാപനം രൂക്ഷമായിരുന്ന സമയത്ത് നൗഫലിന് ഭക്ഷണവും മറ്റും വെല്‍ ഫെയര്‍ വിംഗ് അംഗങ്ങള്‍ എത്തിച്ചു നല്‍കി. തുടര്‍ന്ന് വെല്‍ഫെയര്‍വിംഗ് അംഗം സമീര്‍ തിട്ടയില്‍ നിരവധി തവണ സ്‌പോണ്‍സറുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് എക്‌സിറ്റ് അടിച്ചു നല്‍കിയത്. ഒടുവില്‍ കെഎംസിസി നല്‍കിയ ടിക്കറ്റില്‍ നൗഫലും നാട്ടിലെത്തി.

നിയമ കുരുക്കിലകപ്പെട്ട കണ്ണൂര്‍ സ്വദേശി പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇഖാമ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് തര്‍ഹീല്‍ വഴി എക്‌സിറ്റ് അടിക്കാന്‍ ശ്രമിച്ചെങ്കിലും സ്വന്തം പേരില്‍ വാഹനമുണ്ടായിരുന്നതിനാല്‍ നടന്നില്ല. സിദ്ദിഖ് തുവ്വൂര്‍ മുനിസിപ്പാലിറ്റിയും, ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റുമായും ബന്ധപ്പെട്ടാണ് രേഖകള്‍ ശരിയാക്കിയത്. തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ നേവല്‍ ഇടപെട്ട് എക്‌സിറ്റ് അടിച്ചു നല്‍കുകയും കെ.എം.സി.സി നല്‍കിയ ടിക്കറ്റില്‍ നാട്ടിലെത്തുകയും ചെയ്തു.