ജിദ്ദയില്‍ വിദേശി മുന്‍ ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു

ജിദ്ദ: ജിദ്ദയിലെ പുരാതന പ്രദേശമായ ഗുലൈല്‍ ഡിസ്ട്രിക്ക്റ്റിലെ ഒരു വീട്ടില്‍ വെച്ച് ആഫ്രിക്കന്‍ ഛാഡ് വംശജനായ വിദേശി തന്റെ വിവാഹ മോചനം ചെയ്യപ്പെട്ട മുന്‍ ഭാര്യയെ ഇരുമ്പ് ചുറ്റിക കൊണ്ട് തലക്കടിച്ചു കൊന്നു. അടിയുടെ ആഘാതത്തില്‍ തല പൂര്‍ണ്ണമായും തകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

29 കാരനായ കുറ്റവാളി ഭാര്യയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും രണ്ടുമാസം മുമ്പ് വിവാഹമോചനം നേടുകയും ചെയ്തതാണ്. പിന്നീട് ഇവരുടെ കുട്ടിയെ പരിഗണിച്ചു പരസ്പരം ആശയവിനിമയം നടത്തുകയും, പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നേരില്‍ കാണാമെന്ന് പ്രതി ഈയിടെ ഭാര്യയോട് ആവശ്യപ്പെട്ടതുമായിരുന്നു.

അതിന്റെ അടിസ്ഥാനത്തില്‍ 28 കാരിയായ ഭാര്യ ഗുലൈലിലെ ഒരു വീട്ടില്‍ വെച്ച് കൂടിക്കാഴ്ചക്ക് സമ്മതം നല്‍കുകയുണ്ടായി. അവര്‍ സംസാരിക്കുന്നതിനിടയില്‍ അവര്‍ക്കിടയിലുള്ള തര്‍ക്കങ്ങള്‍ പരസ്പരം പറഞ്ഞു ചൂടുപിടിക്കുകയും പ്രതി തന്റെ മുന്‍ഭാര്യയുടെ തല പിടിച്ചു മുറിയുടെ ചുമരില്‍ ഇടിക്കുകയും തുടര്‍ന്ന് ഇരുമ്പ് ചുറ്റിക കൊണ്ട് തല അടിച്ചു തകര്‍ക്കുകയുമായിരുന്നു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

കുറ്റകൃത്യം നടത്തിയതിന് ശേഷം പ്രതിതന്നെയാണ് ഇക്കാര്യം കൊല്ലപ്പെട്ട സ്ത്രീയുടെ ഉമ്മയെ അറിയിച്ചത്. അവര്‍ മറ്റുള്ളവരെ അറിയിക്കുകയും തുടന്ന് സുരക്ഷാ വിഭാഗത്തിന് വിവരം ലഭിക്കുകയും ചെയ്തു.

സംഭവം നടന്ന സ്ഥലത്തേക്ക് സുരക്ഷാ വിഭാഗമെത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റു ചെയ്യുമ്പോള്‍ ഒന്നും മിണ്ടാതെ മൗനിയായിരിക്കുകയായിരുന്നു പ്രതി. സംഭവസ്ഥലത്തുനിന്നും കൊല്ലാന്‍ ഉപയോഗിച്ച ആയുധം കണ്ടെടുത്തു. കേസിന്റെ ചുരുളഴിക്കുന്നതിനായി അന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതി ജിദ്ദയിലെ കിലോ ആറില്‍ ശാറ ഇസ്‌കാനില്‍ ആശാരിയാണ്.