ജിദ്ദയില്‍ വീട് ഇടിഞ്ഞു രണ്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്

ജിദ്ദ: ജിദ്ദയിലെ റുവൈസില്‍ പുരാതന താമസ കെട്ടിടം ഇടിഞ്ഞു വീണു രണ്ടുപേര്‍ മരണപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ (ശനിയാഴ്ച) രാത്രി 10.30 മണിക്കാണ് കെട്ടിടം ഇടിഞ്ഞ വിവരം ലഭിച്ചതെന്ന് മക്ക പ്രവിശ്യ സിവില്‍ ഡിഫെന്‍സ് വിഭാഗം വക്താവ് കേണല്‍ മുഹമ്മദ് ഉസ്മാന്‍ ഖര്‍നി അറിയിച്ചു.

റുവൈസിലെ മൂന്ന് നില കെട്ടിടമാണ് താഴേക്ക് പതിച്ചത്. ഇടിഞ്ഞുവീണതിന്റെ കാരണം വ്യക്തമായിട്ടില്ല. കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നാണ് രണ്ട് മൃതദേഹങ്ങളെയും, പരിക്കേറ്റവരെയും സിവില്‍ ഡിഫന്‍സ് പുറത്തെടുത്തത്. കെട്ടിടത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.

വിവരം ലഭിച്ചയുടന്‍ മക്ക പ്രവിശ്യയിലെ സിവില്‍ ഡിഫെന്‍സ് എമര്‍ജന്‍സി ഫോഴ്‌സില്‍ നിന്നുള്ള  രക്ഷാപ്രവര്‍ത്തന സംഘങ്ങള്‍ ആവശ്യമായ ഉപകരണങ്ങളും അനുബന്ധ മെഷിനറികളും വഹിച്ച് അപകട സ്ഥലം ലക്ഷ്യമാക്കി പാഞ്ഞെത്തുകയായിരുന്നു.

കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും പരിക്കേറ്റവരെ പുറത്തെടുത്ത് താല്‍കാലികമായി സ്ഥാപിച്ച മെഡിക്കല്‍ സ്‌ക്രീനിംഗ് ഏരിയയിലേക്ക് കൊണ്ടുപോവുകയും റെഡ്ക്രസന്റ് വിഭാഗത്തിന്റെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മറ്റുള്ളവര്‍ക്കായി അവശിഷ്ടങ്ങള്‍ക്കടിയില്‍ ഉപകരണങ്ങളുടെ സഹായത്തോടെ തിരച്ചില്‍ ഇപ്പോഴും പുരോഗമിക്കുകയാണെന്നും വാക്താവ് അറിയിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

റെഡ് ക്രസന്റ്, ജിദ്ദ ഹെല്‍ത്ത് എന്നിവക്ക് കീഴിലെ നിരവധി റെസ്‌ക്യൂ വിഭാഗങ്ങളും അപകട സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. പരിക്കേറ്റവരെ ജിദ്ദ സിറ്റിയിലുള്ള വിവിധ ആശുപത്രികളിലേക്ക് എത്തിക്കുകയും ചെയ്തു. പരിക്കേറ്റ ആറുപേരെ കൊണ്ടുപോയത് കിംഗ് ഫഹദ് ഹോസ്പിറ്റലിലേക്കായിരുന്നു. രണ്ട് പേരെ കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലിലേക്കും രണ്ടു പേരെ റുവൈസിലുള്ള ഇന്റര്‍നാഷണല്‍ മെഡിക്കല്‍ സെന്ററിലേക്കും ഒരാളെ ജിദ്ദ ഈസ്റ്റ് ഹോസ്പിറ്റലിലേക്കും, ഒരാളെ ബഖ്ഷ് ഹോസ്പിറ്റലിലേക്കുമാണ് കൊണ്ടുപോയത്.

അപകടത്തില്‍ മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും പേരുവിവരങ്ങളോ അവര്‍ ഏത് രാജ്യക്കാരാണെന്നോ ഉള്ള വിവരങ്ങള്‍ ഇതുവരെ അറിവായിട്ടില്ല.