മക്ക ഹറം പള്ളിയില്‍ 9000 ല്‍ അധികം കാര്‍പെറ്റുകള്‍ വിരിച്ചു

♠ ടി.ക്കെ ജാഫര്‍
മക്ക: വിശുദ്ധ മക്കയിലെ ഹറം പള്ളിയില്‍ വിശ്വാസികള്‍ക്ക് നിസ്‌കരിക്കുവാനായി 9000-ല്‍ അധികം കാര്‍പെറ്റുകള്‍ വിരിച്ചു. കഅബാ പ്രദിക്ഷണ സ്ഥലത്തും പള്ളിയിലെ ഗ്രൗണ്ട് ഫ്‌ളോറിലും ഒന്നാം നിലയിലും കിംഗ് ഫഹദ് വികസന ഭാഗത്തുമാണ് കാര്‍പെറ്റുകള്‍ വിരിച്ചത്.
ഇരുഹറം ഭരണകാര്യ മേധാവി ഡോക്ടര്‍ അബ്ദുറത്ഥഹ്‌മന്‍ അല്‍ സുദൈസിന്റെ നിര്‍ദ്ദേശപ്രകാരം കോവിഡ് 19 പ്രോട്ടോകോള്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് കാര്‍പെറ്റുകള്‍ വിരിക്കുന്നത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഇന്നലെ വെള്ളിയാഴ്ച മുതല്‍ക്കാണ് കാര്‍പെറ്റുകള്‍ വിരിച്ചുതുടങ്ങിയത്. കൊറോണ വൈറസിനെ ഉന്മൂലനം ചെയ്യുന്നതിനായി സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ മുന്‍കരുതല്‍ നടപടികളും പ്രോട്ടോകോളുകളും പാലിച്ചായിരിക്കും പള്ളിയിലെ നിസ്‌കാരങ്ങള്‍ നടക്കുക. അഥവാ ഒരു കാര്‍പെറ്റില്‍ പരമാവധി മൂന്ന് പേര്‍ക്ക് മാത്രമേ നിസ്‌കരിക്കുവാന്‍ കഴിയൂ. നിസ്‌കാരത്തിന് നില്‍ക്കുമ്പോള്‍ ഓരോ ആളുകളുടെയും ഇടയില്‍ രണ്ട് മീറ്റര്‍ അകലം ഉറപ്പു വരുത്തും. കൂടാതെ ദൈനം ദിന പതിവ് ശുദ്ധീകരണവും അണുമുക്തമാക്കലും 24 മണിക്കൂറും ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുമെന്നും ഹറം വൃത്തങ്ങള്‍ സൂചിപ്പിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച വിശുദ്ധ മദീന പള്ളിയിലും ഏഴായിരത്തിലധികം കാര്‍പെറ്റുകള്‍ വിരിച്ചിരുന്നു.






