സ്വദേശിവല്‍ക്കരണം: റിയാദിലെ ഷോപ്പുകളില്‍ പരിശോധനകള്‍ തുടങ്ങി

റിയാദ്: ഹിജ്‌റ വര്‍ഷാരംഭം (ആഗസ്ത് 20 വ്യാഴാഴ്ച) മുതല്‍ മൊത്ത ചില്ലറ മേഖലയിലെ ഒമ്പത് വ്യാപാര സ്ഥാപനങ്ങളില്‍ 70 ശതമാനം വരെ സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നതിന് പിറകെ, റിയാദ് സിറ്റിയിലെ വ്യാപാര സ്ഥാപനങ്ങളിലും ഷോപ്പുകളിലും മാര്‍ക്കറ്റുകളിലും മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ തുടങ്ങി.

ഇന്നലെ (വെള്ളിയാഴ്ച) വൈകുന്നേരം മുതല്‍ റിയാദ് പൊലീസിന്റെ സഹായത്തോടെ 168 ഷോപ്പുകളില്‍ പരിശോധനകള്‍ നടത്തിയതായും ഏഴ് നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായും 111 മുന്നറിയിപ്പ് നോട്ടീസ് നല്‍കിയതായും മാനവ വിഭവ മന്ത്രാലയം റിയാദ് ബ്രാഞ്ച് മാനേജര്‍ മുഹമ്മദ് ഹര്‍ബി വ്യക്തമാക്കി.
തൊഴില്‍ മാര്‍ക്കറ്റില്‍ സ്വദേശികളുടെ പങ്കാളിത്തം ഉയര്‍ത്തിക്കൊണ്ടുവരികയും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സ്വദേശികള്‍ക്ക് തൊഴില്‍ മേഖലയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുകയും ചെയ്യണമെന്നത് മന്ത്രാലയത്തിന്റെ നയമാണ്. ഈ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

സ്വദേശിവത്കരണം പ്രഖ്യാപിക്കപ്പെട്ട ഒമ്പത് ഇനങ്ങളില്‍ ചായ, കോഫി, തേന്‍, പഞ്ചസാര, മസാലകള്‍, കുടിവെള്ളം, ബോട്ടില്‍ഡ് പാനീയങ്ങള്‍, ഫ്രൂട്ട്‌സ്, പച്ചക്കറി, ഈത്തപ്പഴം, ഡ്രൈ ഫ്രൂട്ട്‌സ്, പൂവുകള്‍, ചെടികള്‍, കാര്‍ഷിക ഉപകരണങ്ങള്‍, പുസ്തകങ്ങള്‍, സ്‌റ്റേഷനറി ഐറ്റംസുകള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സേവനങ്ങള്‍, ഹാന്റിഗ്രാഫ്റ്റ് വസ്തുക്കള്‍, പുരാതന ശേഷിപ്പുകള്‍, ഗിഫ്റ്റ് സ്‌റ്റോറുകള്‍, ടോയ്‌സ് കടകള്‍, മത്സ്യ മാംസ കച്ചവടങ്ങള്‍, പാല്‍ ഉല്പന്നങ്ങള്‍, മുട്ട, വെജിറ്റബിള്‍ ഓയില്‍, സോപ്പ്, പ്‌ളാസ്റ്റിക്ക്, ക്‌ളീനിംഗ് മെറ്റീരിയല്‍സ്, തുടങ്ങിയവയെല്ലാം ഉള്‍പ്പെടും.

ചില്ലറ മൊത്ത കച്ചവടത്തിലെ 9 വ്യാപാര മേഖലകള്‍ 2020 ആഗസ്ത് 20 ന് 70 ശതമാനം സ്വദേശി വല്‍ക്കരണം നടത്തുവാന്‍ തുടങ്ങുമെന്ന് മാനവ വിഭവ ശേഷി മന്ത്രി എന്‍ജിനീയര്‍ അഹ്‌മദ് അല്‍ റാജിഹി കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ വ്യക്തമാക്കിയിരുന്നു.