ഹിറാ ഗുഹയിലേക്ക് ‘കേബിള്‍ കാര്‍’ സംവിധാനമൊരുക്കുന്നു

മക്ക: വിശുദ്ധ മക്കയിലെ ചരിത്രപ്രാധാന്യ സ്ഥലങ്ങളിലൊന്നായ ഹിറാ ഗുഹയിലേക്ക് സന്ദര്‍ശകരെ എത്തിക്കുന്നതിന് ജബലുന്നൂര്‍ (അല്‍നൂര്‍ പര്‍വ്വതം) പര്‍വ്വതത്തിലേക്ക് ‘കേബിള്‍ കാര്‍” സംവിധാനിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. അല്‍നൂര്‍ പര്‍വ്വതത്തിന്റെ ഉച്ചിയിലാണ് ഹിറാ ഗുഹ സ്ഥിതിചെയ്യുന്നത്.
പ്രവാചക ജീവിത ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ സംഭവങ്ങള്‍ക്ക് സാക്ഷിയായ വിശുദ്ധ മക്കയിലെ ഹിറാ ഗുഹ, സൗര്‍ പര്‍വ്വതം എന്നിവ നവീകരിക്കുന്നതിന്റെ ഭാഗമാണിത്. ഇതിനകം രണ്ടു പര്‍വ്വതങ്ങളിലും കാലങ്ങളായി അലങ്കോലമായികിടക്കുന്ന പന്തലുകളും കച്ചവട സ്ഥലങ്ങളും നീക്കം ചെയ്തു. എഴുത്തുകളും വരകളും മായ്ച്ചുകളഞ്ഞു.
പ്രവാചകര്‍ മുഹമ്മദ് നബിക്ക് ആദ്യമായി ദൈവീക സന്ദേശം ലഭിച്ച സ്ഥലമാണ് ഹിറാ ഗുഹ. സമുദ്രനിരപ്പില്‍ നിന്നും 643 മീറ്റര്‍ ഉയരമുള്ള ജബലുന്നൂരിലാണ് ഈ ഗുഹ സ്ഥിതിചെയ്യുന്നത്. പ്രവാചകര്‍ ഇവിടെ ഏകാന്ത വാസം അനുഷ്ഠിച്ചിരുന്നു. മക്കയുടെ കിഴക്കുഭാഗത്തായി 4 കിലോമീറ്റര്‍ അകലെയാണ് ഹിറാ ഗുഹ സ്ഥിതി ചെയ്യുന്നത്.
വിശുദ്ധ മക്കയില്‍ സന്ദര്‍ശകരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന ഒരു സ്ഥലവും കൂടിയാണ് ഹിറാ ഗുഹ. സീസണ്‍ സമയങ്ങളില്‍ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഇരുമ്പ് കബിളില്‍ ഘടിപ്പിക്കുന്ന റോപ്പ് വേ-യിലൂടെയായിരിക്കും സന്ദര്‍ശകരെ മലമുകളിലേക്ക് എത്തിക്കുക. ഈ കേബിള്‍ കാറിലൂടെ സന്ദര്‍ശകരെ പര്‍വ്വതത്തിന്റെ താഴെ നിന്നും നാലില്‍ മൂന്ന് ഭാഗം ഉയരത്തില്‍ എത്തിക്കുവാന്‍ സാധിക്കും. സന്ദര്‍ശകരെ എത്തിക്കുന്ന മലയുടെ മുകള്‍ഭാഗത്ത് വിശ്രമിക്കുവാനും മറ്റുമുള്ള സൗകര്യങ്ങള്‍ സഞ്ചീകരിക്കും. ഇവിടെ നിന്നും ഗുഹയിലേക്ക് സന്ദര്‍ശകര്‍ കാല്‍നടയായി തന്നെ നീങ്ങണം.
നവീകരണത്തിന്റെ ഭാഗമായി മെയിന്‍ റോഡില്‍ നിന്നും സന്ദര്‍ശകര്‍ക്ക് വന്നുപോകുവാന്‍ സൗകര്യമുള്ള രീതിയില്‍ പുതിയ വഴി തുറന്നിട്ടുണ്ട്. നേരത്തെ അലങ്കോലമായി കിടന്നിരുന്ന ഗ്രാമങ്ങളിലെ ചേരിപ്രദേശങ്ങളിലൂടെയായിരുന്നു വഴിയുണ്ടായിരുന്നത്.
മൂന്ന് മാസം മുമ്പ് മക്ക ഗവര്‍ണ്ണര്‍ പ്രിന്‍സ് ഫൈസല്‍ രാജകുമാരന്‍ ഹിറാ ഗുഹയും സൗര്‍ ഗുഹയും അതിലേക്കുള്ള വഴികളും നവീകരിക്കുവാന്‍ ഉത്തരവിട്ടിരുന്നു.






