വിദേശ അധ്യാപകര്‍ക്ക് അവരുടെ നാടുകളില്‍ നിന്നും ക്‌ളാസ് കൊടുക്കാവുന്നതാണ്

♠ ടി.ക്കെ ജാഫര്‍

റിയാദ്: സൗദി അറേബ്യയിലേക്ക് മടങ്ങിവരാന്‍ സാധിക്കാത്ത വിദേശ രാജ്യങ്ങളിലുള്ള അധ്യാപക അധ്യാപികമാര്‍ക്ക് അവരുടെ നാടുകളില്‍ നിന്നും ഓണ്‍ലൈനിലൂടെ അവരുടെ പാഠ്യഭാഗങ്ങള്‍ സമര്‍പ്പിക്കുവാനും സ്‌കൂള്‍ ക്‌ളാസുകള്‍ എടുക്കുവാനും സൗദി വിദ്യഭ്യാസ മന്ത്രാലയം അനുവാദം നല്‍കി.
രാജ്യത്തെ സ്വകാര്യ, അന്തര്‍ദേശീയ, വിദേശ സ്‌കൂളുകളിലും അവരുടെ ഇലക്‌ട്രോണിക് ചാനലുകള്‍ വഴി വിദേശത്തുള്ള അധ്യാപകരുടെ ക്‌ളാസുകള്‍ ഓണ്‍ലൈനിലൂടെ എടുക്കാവുന്നതാണെന്ന് വിദ്യാഭ്യാസ സഹമന്ത്രി അബ്ദുറഹ്‌മാന്‍ അല്‍ ആസിമി വ്യക്തമാക്കി.

അന്താരാഷ്ട്ര, വിദേശ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്‌ളാസുകള്‍ നടത്തുന്നതിന് പ്രത്യേകമായ ഇലക്‌ട്രോണിക് ചാനലുകള്‍ സംവിധാനിക്കുവാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ഓരോ മേഖലകളിലെയും വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ക്ക് വിദ്യാഭ്യാസ ഉപമന്ത്രി ഡോ. അബ്ദുള്‍റഹ്‌മാന്‍ അല്‍ അസിമി ഉത്തരവിറക്കി.
സൗദിയിലേക്ക് തിരിച്ചുവരാന്‍ സാധിക്കാത്ത വിദേശ അധ്യാപകര്‍ ഈ അക്കാദമിക് വര്‍ഷത്തിലെ തുടക്കം മുതല്‍ക്ക് തന്നെ ഇലക്രേ്ടാണിക് പ്‌ളാറ്റ്‌ഫോമുകളിലൂടെ വിദ്യാഭ്യാസ പാഠങ്ങളും സ്‌കൂള്‍ പ്രവര്‍ത്തനങ്ങളും ഓണ്‍ലൈനുകളിലൂടെ നല്‍കുകവഴി അധ്യാപകരുടെ സേവനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുവാനും വിദ്യാഭ്യസ ഉപമന്ത്രി നിര്‍ദേശം നല്‍കി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

ക്ലാസ് റൂം പരിതസ്ഥിതികളിലെ അധ്യാപകരുടെ പ്രകടനവും കൃത്യ നിര്‍വ്വഹണവും സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം മേല്‍നോട്ടം വഹിക്കുകയും നിരീക്ഷിക്കുകയും ചെയ്യേണ്ടതും അതാത് സമയങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പൊതു വിദ്യാഭ്യാസ വിഭാഗത്തിന് സമര്‍പ്പിക്കേണ്ടതുമാണ്.

അന്താരാഷ്ട്ര, വിദേശ സ്‌കൂളുകളെ ശാക്തീകരിക്കുന്നതിനും വിദ്യാഭ്യാസ പ്രക്രിയ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ പ്രത്യേക താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.