ജിദ്ദയില്‍ സംഗീത മ്യൂസിയം നിര്‍മ്മിക്കും

ജിദ്ദ: സൗദി സംഗീത കലയിലെ അതികായകന്‍ അന്തരിച്ച താരിഖ് അബ്ദുല്‍ ഹക്കീമിനോടുള്ള ആദരസൂചകമായി ജിദ്ദയില്‍ സംഗീത മ്യൂസിയം സ്ഥാപിക്കുമെന്ന് സാംസ്‌കാരിക മന്ത്രാലയം പ്രഖ്യാപിച്ചു. പ്രാദേശിക സംഗീത ചരിത്രത്തിന്റെ സമൃദ്ധിയും, ജീവിതം മുഴുവനും കലകള്‍ക്കായി മാറ്റിവെച്ച അന്തരിച്ച കലാകാരന്റെ സംഭാവനകളും തുടിക്കുന്ന ഓര്‍മ്മകളും പ്രകടമാക്കുന്ന രീതിയിലായിരിക്കും മ്യൂസിയം രൂപകല്‍പന ചെയ്യുക.

2022 അവസാനത്തോടെ സംഗീത മ്യൂസിയം ഉദ്ഘാടനം ചെയ്യും, ജിദ്ദയിലെ ഹിസ്റ്റോറിക്കല്‍ മേഖലയായ അല്‍-ബലദിലെ മെനൂഫി ഹോമിലായിരിക്കും സ്ഥിരമായി ഇത് സ്ഥാപിക്കുക, 2014 ല്‍ യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇടമാണിത്.

താരിഖ് അബ്ദുല്‍ ഹക്കീമിന്റെ ശേഖരങ്ങള്‍, വ്യക്തിഗത വസ്തുക്കളുടെ ശേഷിപ്പുകള്‍, അദ്ദേഹത്തിന്റെ റെക്കോര്‍ഡിംഗുകള്‍, ഫോട്ടോ ആല്‍ബങ്ങള്‍, അദ്ദേഹത്തിന്റെ വിഷ്വല്‍, ഓഡിയോ ഡോക്യുമെന്റുകള്‍, പ്രധാന അറബ് ഗായകരായ ഉമ്മു കുല്‍തൂം, അബ്ദുല്‍ വഹാബ് എന്നിവരുടെ ചില സംഗീത രചനകള്‍ എന്നിവ ഉള്‍കൊള്ളുന്നതായിരിക്കും സംഗീത മ്യൂസിയം.

അറബ് ലോകത്തെ സംഗീതത്തെക്കുറിച്ചുള്ള ഗവേഷണങ്ങള്‍, സൗദി സംഗീതത്തെക്കുറിച്ചുള്ള ലേഖനങ്ങളും രചനകളും, വൈവിധ്യമാര്‍ന്ന സംഗീതത്തെക്കുറിച്ചുള്ള അറിവുകള്‍ തുടങ്ങിയവ വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്ന സംഗീത ഗവേഷകര്‍ക്കായി ഒരു സംഗീത ഗവേഷണ കേന്ദ്രവും ഇതിന്റെ ഭാഗമായി സജ്ജീകരിക്കും.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

സൗദി സംസ്‌കാരത്തിന്റെ പ്രതീകങ്ങളിലൊന്നാണ് താരിഖ് അബ്ദുല്‍ ഹക്കീം, സൗദി സംഗീതത്തിന്റെ സ്വത്വം രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം ചെലുത്തിയ സ്വാധീനവും, സാംസ്‌കാരിക, സംഗീത മേഖലകളില്‍ രാജ്യത്തെ സേവിക്കുന്നതില്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളും മുന്‍നിര്‍ത്തിയാണ് മ്യൂസിയം നിര്‍മ്മിക്കുന്നത്.