19കാരി ടിക് ടോക്കില്‍ നിന്ന് പ്രതിവര്‍ഷം നേടിയത് 50 ലക്ഷം ഡോളര്‍ വരുമാനം

ന്യൂഡല്‍ഹി: വീഡിയോ ഷെയറിങ് പ്‌ളാറ്റ്‌ഫോമായ ടിക് ടോക്കില്‍ നിന്ന് ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കിയത് 19 കാരി ആഡിസന്‍ റേ എന്ന പ്രമുഖ മോഡലായ കൗമാരക്കാരിയാണ്. ആഡിസണ്‍ റേയ്ക്ക് ഒരു വര്‍ഷം കിട്ടിയത് 50 ലക്ഷം ഡോളര്‍ ആയിരുന്നു. യുഎസിലെ ലൂയിസ്യാന സ്വദേശിയാണ് ആഡിസണ്‍ റേയ. ഫോബ്‌സ് പട്ടികയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത് ആഡിസണ്‍ റേയും സഹോദരിമാരുമാണ്.

വിനോദത്തോടൊപ്പം യുവാക്കള്‍ക്ക് മികച്ച വരുമാനം കൂടി ടിക് ടോക്കിലൂടെ നേടാന്‍ സാധിച്ചിരുന്നു. ടിക് ടോക്കില്‍ നിന്ന് ഏറ്റവും കൂടതല്‍ വരുമാനം ഉണ്ടാക്കിയ ഏഴു പേരുടെ പട്ടിക ഫോബ്‌സ് പുറത്ത് വിട്ടിരുന്നു.

ആഡിസണ്‍ റേയുടെ സഹോദരിമാരായ ചാര്‍ളിയും ഡിക്‌സിയും ഫോബ്‌സ് പടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സാണ് ഇവര്‍ക്കുള്ളത്.

5.42 കോടി ഫോളോവേഴ്‌സാണ് ടിക് ടോക്കില്‍ ആഡിസന്‍ റേയ്ക്കുള്ളത്. സഹോദരി ചാര്‍ളിയ്ക്ക് 7.69 കോടി ഫോളോവേഴ്‌സും ഉണ്ട്. ടിക് ടോക്കില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ചാര്‍ളിയ്ക്കാണെങ്കിലും വരുമാനം ആഡിസണിനാണ്.

ഇതിനിടെ ഇന്ത്യയില്‍ നിരോധനം നേരിടുന്ന ടിക് ടോക്കിന്റെ ഇന്ത്യയിലെ ബിസിനസ് ഏറ്റെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ടെക് ഭീമന്‍ മൈക്രോസോഫ്റ്റ് രംഗത്തെത്തി. ടിക് ടോക്കിന്റെ മാതൃസ്ഥാപനമായ ബൈറ്റ് ഡാന്‍സുമായി ടിക് ടോക്ക് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിയ്ക്കുകയാണ്. ഇതിനിടയിലാണ് ടിക് ടോക്കിന്റെ ഇന്ത്യാ ബിസിനസ് ഏറ്റെടുക്കുന്നതില്‍ മൈക്രോസോഫ്റ്റ് താല്‍പ്പര്യം പ്രകടിപ്പിച്ചിരിയ്ക്കുന്നത്.