ആലുവയിലെ മൂന്നു വ‍യസ്സുകാരൻ പൃഥ്വിരാജിന്റെ മരണ കാരണം നാണയമല്ലെന്ന് പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌

ആലുവ : കടുങ്ങല്ലൂര്‍ രാജു-നന്ദിനി ദമ്പതികളുടെ മൂന്നു വ‍യസ്സുകാരനായ മകന്‍  പൃഥ്വിരാജിന്റെ മരണ കാരണം കുട്ടി വിഴുങ്ങിയ നാണയമല്ലെന്ന് പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌. മൂന്നു സർക്കാർ ആശുപത്രികളിൽ എത്തിച്ചിട്ടും പ്രത്യേകിച്ചു ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഒന്നും പ്രകടിപ്പിക്കാതെ ഇരിക്കുകയും എക്സ്റേ പരിശോധനയില്‍ നാണയം ആമാശയത്തില്‍ എത്തിയിരിക്കുന്നതായും കണ്ടത് കൊണ്ട് പഴവും വെള്ളവും കൊടുക്കാന്‍ നിര്‍ദേശിച്ചു മടക്കി അയക്കുകയായിരുന്നു ചെയ്തത്. എന്നാല്‍ രാത്രിയോടെ മരണത്തിനു കീഴടങ്ങേണ്ടിവന്ന 3 വയസ്സുകാരൻ പൃഥ്വിരാജ് ഒരു രൂപയുടെയും 50 പൈസയുടെയും രണ്ടു നാണയങ്ങൾ വിഴുങ്ങിയിരുന്നതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. രണ്ടും തമ്മിൽ ഒട്ടിച്ചേർന്ന രീതിയിലായിരുന്നു.

നാണയങ്ങൾ വൻകുടലിന്റെ അറ്റത്തു വരെ എത്തിയിരുന്നു എന്നും ഏതാനും സമയം കൂടി കഴിഞ്ഞാൽ തനിയെ പുറത്തു വരുമായിരുന്നു എന്നുമാണു ഡോക്ടർമാരുടെ നിഗമനം. നാണയം കടന്നുപോയെങ്കിലും ആമാശയത്തിലോ കുടലിലോ എവിടെയും മുറിവുണ്ടായിട്ടില്ല. അതിനാല്‍ നാണയങ്ങൾ ഉള്ളിൽ ചെന്നതല്ല മരണ കാരണമെന്നാണു കൊച്ചി ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. ആന്തരാവയവങ്ങളും ആമാശയത്തിലുണ്ടായിരുന്ന ഭക്ഷണാവശിഷ്ടങ്ങളും കാക്കനാട് രാസപരിശോധനയ്ക്കു നൽകിയിട്ടുണ്ട്. ഇതിന്റെ ഫലം വന്ന ശേഷമേ കൂടുതല്‍ വിവരങ്ങളും മരണകാരണവും വ്യക്തമാകൂ.കുഞ്ഞിന്‍റെ മരണം വലിയ വിവാദമായതിനാൽ ഫലം ഉടൻ ലഭ്യമാക്കണമെന്നു പൊലീസ് പരിശോധിക്കുന്ന ലാബിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്.

കുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിയപ്പോൾ ഡോക്ടർമാർ പഴവും വെള്ളവും കൊടുക്കാൻ നിർദേശിച്ചതനുസരിച്ച് നാലോളം കുപ്പി വെള്ളവും ഇതരപാനീയങ്ങളും പഴംപൊരിയും വാങ്ങിക്കൊടുക്കുകയായിരുന്നു. നാണയം വിഴുങ്ങിയ ശേഷം കുട്ടി ഇതല്ലാതെ മറ്റൊന്നും കഴിച്ചിട്ടില്ലെന്നു മാതാപിതാക്കൾ പറയുന്നു.

രാവിലെ 10മണിക്ക് ആരംഭിച്ച പോസ്റ്റ്മോർട്ടം നടപടികൾ 11.45നു അവസാനിച്ചു. തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കൾക്കു വിട്ടു നല്‍കി. മാതാവ്‌ നന്ദിനിയുടെ കൊല്ലം കൊല്ലം പരവൂർ പൂതക്കുളത്തെ വീട്ടിൽ കൊണ്ടുപോയി സംസ്കരിച്ചു .

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക