കോണ്‍ഗ്രസ് പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ മലബാര്‍ മേഖല കേന്ദ്രീകരിച്ച് ചാരിറ്റബിള്‍ ട്രസ്റ്റ്

തലശ്ശേരി: മലബാര്‍ മേഖല കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തനം ശക്തിപ്പെടുത്താനും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുമായി ഇന്ദിരാഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചതായി ട്രസ്റ്റ് ചെര്‍മാന്‍ മമ്പറം ദിവാകരന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചൂ. നാല് ജില്ലകളിലെ ഡിസിസി പ്രസിഡണ്ടുമാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും.

നിലവില്‍ കെകെ ജയരാജന്‍(ചക്കരക്കല്ല് ബ്ലോക്ക് പ്രസിഡണ്ട്), പുതുക്കുടി ശ്രീധരന്‍(ധര്‍മ്മടം ബ്ലോക്ക് പ്രസിഡണ്ട്), ഹാഷിം(പാനൂര്‍), പാപ്പച്ചന്‍ മാസ്റ്റര്‍ (കോളയാട്), രാജന്‍ പുതുശ്ശേരി(കൂത്തുപറമ്പ്) തുടങ്ങിയ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടുമാര്‍ ട്രസ്റ്റിന്റെ ഡയറക്ടര്‍മാരാണ്.

കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് മുന്‍ നാദാപുരം ബ്ലോക്ക് പ്രസിഡണ്ട് സിവി കുഞ്ഞികൃഷ്ണനും കാസര്‍കോട് ജില്ലയെ പ്രതിനിധീകരിച്ച് കോണ്‍ഗ്രസ് പ്രസിഡണ്ടും പയ്യന്നൂര്‍ പ്രിയദര്‍ശിനി ആശുപത്രി പ്രസിഡണ്ടുമായ കെ ജയരാജന്‍, ദുബൈ പ്രതിനിധീകരിച്ച് എന്‍ആര്‍ മായന്‍(ഇന്‍കാസ് ദുബൈ പ്രസിഡണ്ട്), കെവി രവീന്ദ്രന്‍ (ഷാര്‍ജ), ബാബു പെരളശ്ശേരി(റാസ് അല്‍ ഖൈമ), കൃഷ്ണന്‍ പിവി (ഒഐസിസി വൈസ് പ്രസിഡണ്ട്, ഒമാന്‍), അഡ്വ. ലതീഷ് ഭരതന്‍(ബഹ്‌റൈന്‍ ഒഐസിസി ഗ്‌ളോബല്‍ കമ്മിറ്റി മെമ്പര്‍), മധു (കുവൈറ്റ്), കെകെ ഉസ്മാന്‍(ഖത്തര്‍), ഹരീന്ദ്രന്‍, കെവി ഉത്തമന്‍(ഇരുവരും കോര്‍ഡിനേറ്റര്‍, അബുദാബി) എന്നിവര്‍ ഡയറക്ടര്‍മാരാണ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, മോട്ടിലാല്‍ നെഹ്‌റു, പണ്ഡിറ്റ് നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി തുടങ്ങിയ രാഷ്ട്രീയ നേതാക്കളുടെ ജന്മ, ചരമ ദിനങ്ങള്‍ സമുചിതമായി ആചരിക്കുക, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ കോണ്‍ഗ്രസ് രക്തസാക്ഷികളുടെ ദിനം ആചരിക്കുക, രക്തസാക്ഷികളുടെ കുടുംബങ്ങളേയും നിര്‍ധന രോഗികളേയും സഹായിക്കുക, മറ്റു ചികിത്സാ സഹായങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും ട്രസ്റ്റ് തീരുമാനിച്ചു. അതോടൊപ്പം ദേശീയ ദിനങ്ങള്‍ കൊണ്ടാടുക, ഓരോ ബൂത്തുകളിലും 25 അംഗങ്ങളുള്ള സാമൂഹ്യ മാധ്യമ കൂട്ടായ്മ രൂപീകരിക്കും. എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് കമ്മറ്റികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി പ്രവൃത്തിക്കും. കെപിസിസി, ഡിസിസികള്‍ നടത്തുന്ന എല്ലാ പരിപാടികള്‍ക്കും ട്രസ്റ്റ് പിന്തുണ നല്‍കും. വിഭാഗീയത ഇല്ലാതെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ഉയര്‍ത്തി ജനാധിപത്യ-മതേതരത്വ സംഹിതകളെ രക്ഷിക്കുക എന്നതാണ് ട്രസ്റ്റിന്റെ പ്രധാന ദൗത്യമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

പുതുക്കുടി ശ്രീധരന്‍(ധര്‍മ്മടം ബ്ലോക്ക് പ്രസിഡണ്ട്), കെ ജയലത(എസ്എന്‍ കോളേജ് മുന്‍ വൈസ് ചെയര്‍മാന്‍), ജയരാജന്‍ മാസ്റ്റര്‍(ചക്കരക്കല്‍ ബ്ലോക്ക് പ്രസിഡണ്ട്), എന്‍ആര്‍ മായന്‍(ഇന്‍കാസ് ദുബൈ പ്രസിഡണ്ട്), കൃഷ്ണന്‍ പിവി(ഒമാന്‍ പ്രതിനിധി) എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.