ഹജജിന് പരിസമാപ്തി

മക്ക: ഈ വര്‍ഷത്തെ ഹജജ് കര്‍മ്മം സുരക്ഷിതമായി പര്യവസാനിച്ചു. ഇന്ന് മൂന്നാം ദിവസത്തെ കല്ലേറ് കര്‍മ്മംകൂടി ഹാജിമാര്‍ ജംറയില്‍ പൂര്‍ത്തിയാക്കിയതോടെയാണ് ഹജജിന് വിരാമമായത്. കോവിഡിന്റെ പശ്ചാത്തലത്തി കനത്ത സുരക്ഷയിലായിരുന്നു ഇത്തവണത്തെ ഹജജ് കര്‍മ്മം.

ഹജജിനെത്തിയ എല്ലാ തീര്‍ത്ഥാടകരും മിനയില്‍ നിന്നും ഉച്ചതിരിഞ്ഞാണ് മൂന്ന് ജംറകളില്‍ അവസാന കല്ലേറുകര്‍മ്മവും പൂര്‍ത്തിയാക്കിയാണ് മക്കയിലെത്തിയത്. വിശുദ്ധ ഹറം പള്ളിയിലെത്തി ”ത്വവാഫുല്‍ വിദാഹ്” എന്ന (വിടവാങ്ങല്‍ പ്രദിക്ഷണം) ഹാജിമാര്‍ പൂര്‍ത്തിയാക്കിയത്. ഇതോടെ ഈ വര്‍ഷത്തെ ഹജജിന് പരിസമാപ്തിയായി.

മിനായിലെ കല്ലേറ് കര്‍മ്മം കഴിഞ്ഞു വൈകുന്നേരം നാലു മണിക്ക് ശേഷമായിരുന്നു ഹാജിമാര്‍ വിടവാങ്ങല്‍ ത്വവാഫിന് എത്തിയതെന്ന് ഹജജ് ഉംറ സഹമന്ത്രി ഡോക്ടര്‍ അബ്ദുല്‍ ഫത്താഹ് മിഷാത്ത് അറിയിച്ചു. വിടവാങ്ങല്‍ ത്വവാഫ് പൂര്‍ത്തിയാക്കിയതിന് ശേഷം മക്കയില്‍ നിന്നും മടങ്ങും മുമ്പ് എല്ലാവരും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുന്നതിനായി ഹാജിമാരെ ആരോഗ്യ പരിശോധനക്ക് വിധേയമാക്കി. പിന്നീട് അവര്‍ അവരവരുടെ വീടുകളില്‍ ക്വാറന്‍ന്റെനില്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

ഹജജിന്റെ ഭാഗമായ ത്വവാഫിന് സ്വീകരിച്ച അതെ മാര്‍ഗ്ഗമായിരുന്നു വിടവാങ്ങല്‍ ത്വവാഫിനും സ്വീകരിച്ചത്. ഓരോ സംഘം ഹാജിമാര്‍ക്കും പള്ളിക്കകത്തേക്കു കടക്കുന്നതിനും ത്വവാഫ് ചെയ്യുന്നതിനും മടങ്ങിപോകുന്നതിനും ഹറം പള്ളിയില്‍ നിശ്ചിത ട്രാക്കുകള്‍ സംവിധാനിച്ചിരുന്നു.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ നടത്തപ്പെട്ട ഈ വര്‍ഷത്തെ ഹജജ് കര്‍മ്മത്തിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രമാണ് അവസരം ലഭിച്ചത്. ഇതിനായി ഹറം പള്ളി, മിനാ, മുസ്ദലിഫ, അറഫാ, ജമറാത്ത് ടെന്റുകള്‍ എന്നിവിടങ്ങളില്‍ മുമ്പൊങ്ങുമില്ലാത്ത വിധം സുരക്ഷയും സംവിധാനങ്ങളുമാണ് അധികൃതര്‍ സജജീകരിച്ചിരുന്നത്.