കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങൾ കെ മുരളീധരൻ എംപി സന്ദർശിച്ചു

തലശ്ശേരി: കടലാക്രമണ ഭീഷണി നേരിടുന്ന തലശ്ശേരിയിലെ വിവിധ പ്രദേശങ്ങൾ കെ മുരളീധരൻ എംപി സന്ദർശിച്ചു. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഇന്ന്

ഉച്ചയോടെ കുറിച്ചിയിൽ, തലായി, മട്ടാമ്പ്രം പ്രദേശങ്ങളിൽ സന്ദർശിച്ച എം പി കടൽക്ഷോഭ ഭീഷണി നേരിടുന്ന വീട്ടുകാരിൽനിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു. കുറിച്ചിയിൽ കടൽ ഭിത്തിയുടെ ഉയരക്കുറവാണ് ഇവിടുത്തെ കടലേറ്റത്തിന് കാരണമെന്ന് ഉദ്യോഗസ്ഥർ എം പി യെ അറിയിച്ചു.

കഴിഞ്ഞ കാലഘട്ടത്തിൽ നിന്നും വ്യത്യസ്ഥമായി ഇരച്ചു വരുന്ന തിരമാലകൾക്കൊപ്പം മണലും കരയിലേക്ക് വർഷിച്ചിരുന്നു. നിലവിലെ കടൽഭിത്തിക്ക് പുറത്ത് മീറ്ററുകൾ ഇടവിട്ട് കടൽഭിത്തി നിർമ്മിച്ചാൽ പ്രശ്നത്തിന് പരിഹാരമാകുമെന്ന് ഉദ്യോഗസ്ഥർ എംപിയെ അറിയിച്ചു. ഇതിനുള്ള പേപ്പർ വർക്കുകൾ നടന്നുവരികയാണ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക

കഴിഞ്ഞ വർഷം പ്രശ്നപരിഹാരത്തിനായി ഇറിഗേഷൻ വകുപ്പ് അനുവദിച്ച 40 ലക്ഷം രൂപയിൽ നിന്നും തലായി തീരദേശ പൊലീസ്സ്റ്റേഷനു പിറകുവശത്തായി കടൽ തീരത്ത് നാലോളം കാൽനാട്ട് (ഗ്രോവിംഗ്) പ്രവൃത്തികൾ നടന്നിരുന്നു. ഇതിൽ ഒന്നു കൂടി ചെയ്തു തീർക്കാനുണ്ട്. സജീവ് മാറോളി, എം പി അരവിന്ദാക്ഷൻ, അഡ്വ. കെ എ ലത്തീഫ് , അഡ്വ. സി ടി സജിത്ത്, വി സി പ്രസാദ്, ഇ വിജയകൃഷ്ണൻ എന്നിവരും കെ മുരളീധരൻ എംപിക്കൊപ്പം ഉണ്ടായിരുന്നു.