ഉമ്മയും കുഞ്ഞും മരിച്ച സംഭവം; കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി

തലശ്ശേരി: പ്രസവത്തെ തുടര്‍ന്ന് ഉമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ മൃതദേഹം ഖബറില്‍നിന്നെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.

മുഴപ്പിലങ്ങാട് എകെജി റോഡില്‍ ഹിദായ മസ്ജിദിന് സമീപം പരേതനായ കരിയാടന്‍ അബൂബക്കറിന്റെയും ആയിശയുടെയും മകള്‍ അപ്‌സരാസിലെ ഷഫ്‌ന(32)യുടെ കുഞ്ഞിന്റെ മൃതദേഹമാണ് സ്‌റ്റേഡിയം പള്ളിയിലെത്തിയ ഫോറന്‍സിക് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണപിള്ള സ്ഥലത്ത് വെച്ച് പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കിയത്.

കഴിഞ്ഞ 10ാം തീയ്യതി വെള്ളിയാഴ്ച വൈകിട്ട്  പ്രസവവേദനയെ തുടര്‍ന്ന് തലശ്ശേരിയിലെ ജോസ്ഗിരി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഷഫ്‌ന ശനിയാഴ്ച രാവിലെ 10മണിക്ക് ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. രക്തസ്രാവം ഗുരുതരമായി തുടര്‍ന്നതിനെ തുടര്‍ന്ന് ഷഫ്‌നയെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി ചാല ബൈപ്പാസ് റോഡിലെ മിംസ് ആശുപത്രിയിലും, പെണ്‍കുഞ്ഞിനെ തലച്ചോറില്‍ രക്ത സ്രവമുണ്ടെന്ന് പറഞ്ഞ് കണ്ണൂര്‍ കൊയിലി ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. എന്നാല്‍ അന്ന് തന്നെ വൈകിട്ട് 3ന് കുഞ്ഞും 5 മണിയോടെ ഉമ്മയും മരണപ്പെടുകയായിരുന്നു.

കുഞ്ഞിനെ രാത്രിയോടെ തലശ്ശേരി സ്‌റ്റേഡിയം പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഉമ്മയെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ കുഞ്ഞിനെ ഖബറടക്കിയതിനടുത്ത്തന്നെ ഖബറടക്കി. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ ഉത്തരവിനെ തുടര്‍ന്നാണ് കുഞ്ഞിന്റെ മൃതദേഹം പള്ളിയില്‍ വച്ച് പോസ്റ്റ്‌മോര്‍ട്ട പരിശോധന നടത്തിയത്. ഡി.വൈ.എസ്.പി മൂസ്സ വള്ളിക്കാടന്റെ നേതൃത്വത്തില്‍ പൊലീസും തലശ്ശേരി തഹസില്‍ദാരും സ്ഥലത്തെത്തിയിരുന്നു.