പൊലീസിന്റെ കണ്ണു വെട്ടിച്ചെത്തിയ  മീന്‍ ലോറികള്‍ നാട്ടുകാരും മത്സ്യതൊഴിലാളി സ്‌ക്വാഡും പിടികൂടി

തലശ്ശേരി: കോവിഡ് വ്യാപന പ്രതിരോധത്തിന് നാടിന്റെ ജാഗ്രതയും അധികൃതര്‍ക്ക് കൈത്താങ്ങാവുന്നു. പൊലീസിന്റെ കണ്ണുവെട്ടിച്ച് തലശ്ശേരിയില്‍ മത്സ്യങ്ങളുമായെത്തിയ മൂന്ന് ലോറികള്‍ നാട്ടുകാരും മത്സ്യതൊഴിലാളി സ്‌ക്വാഡും ചേര്‍ന്ന് തടഞ്ഞുവെച്ച് പൊലീസിന് കൈമാറി. കെ.എല്‍ 11 ബി.ബി 6880 മിനി കണ്ടെയ്‌നര്‍, കെ.എല്‍ 46 ടി 6232 മഹീന്ദ്ര പിക്കപ്പ് വാന്‍, കെ.എല്‍ 72 ബി 3277 മിനി പിക്കപ്പ് വാഹനങ്ങളാണ് ഇപ്പോള്‍ തലശ്ശേരി ടൗണ്‍ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. യഥാക്രമം തലായി, ചോനാ ടം, ടെലി ആശുപത്രി പരിസരം എന്നിവിടങ്ങളില്‍ നിന്നാണ് ഇവ പിടിയിലായത്. മൂന്ന് വാഹനങ്ങളും ഓടിച്ചെത്തിയവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കുമെന്ന് തലശ്ശേരി പോലീസ് അറിയിച്ചു.

കോവിഡ് വൈറസുകള്‍ സമൂഹ വ്യാപന ഘട്ടത്തിലെത്തുന്നത് തടയാന്‍ നഗരസഭ പരിധിയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കി വരികയാണ്. ഇതിന്റെ ഭാഗമായി  തലായി ഹാര്‍ബര്‍, തലശ്ശേരി മൊത്ത മത്സ്യവിതരണ കേന്ദ്രം എന്നിവ അടച്ചു പൂട്ടിക്കഴിഞ്ഞു. ഇതേ തുടര്‍ന്ന് നഗരപരിധിയില്‍ മത്സ്യക്ഷാമം രൂക്ഷമാണ്. ഇത് മുതലെടുക്കാന്‍ അന്യസംസ്ഥാന ലോബികള്‍ ഗോവ, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും കണ്ടെയ്‌നറുകളിലും നാഷണല്‍ പെര്‍മിറ്റ് ലോറികളിലും തലശ്ശേരിയിലേക്ക് മീനെത്തിക്കുന്നുണ്ട്. അന്യസംസ്ഥാന ലോറികളില്‍ എത്തിക്കുന്ന മീനുകള്‍ ഹൈവേകളില്‍ വച്ച് നാടന്‍ വാഹനങ്ങളില്‍ മാറ്റിക്കയറ്റും. പ്രത്യേക സുരക്ഷയൊന്നും കൂടാതെ അന്യസംസ്ഥാനങ്ങളില്‍ നിന്നും അതൃത്തികടത്തി എത്തിക്കുന്ന മീന്‍ തലശ്ശേരിയിലെ പ്രാന്തപ്രദേശങ്ങളില്‍ വരെ എത്തുന്നുണ്ട്.

കോവിഡ് വ്യാപനത്തിന് മറ്റൊരു കാരണമായേക്കുമെന്ന ഭീതിയും ഇത്തരം ഇടപാടുകള്‍ നിര്‍ത്തല്‍ ചെയ്യാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നുണ്ട്. നിലവില്‍ മത്സ്യ വില്‍പന നിയന്ത്രിച്ചിട്ടുള്ള നഗരസഭാ പരിധിയില്‍ സമാന്തര മത്സ്യക്കച്ചവടം അനുവദിക്കാനാവില്ലെന്ന കാഴ്ചപ്പാടിലാണ് മത്സ്യവ്യാപാരികളും തൊഴിലാളികളും ചേര്‍ന്ന് പ്രത്യേക സ്‌ക്വാഡിനെ രംഗത്തിറക്കിയത്.